
ബീഹാറിലെ വോട്ടർ പട്ടിക, കമ്മീഷന് തിരിച്ചടി. ഒഴിവാക്കിയവരുടെ പട്ടിക പ്രസിദ്ധീകരിക്കണം

ദില്ലി: ബിഹാറിലെ എസ്ഐആറിൽ നിർണായക നിർദേശവുമായി സുപ്രീം കോടതി. വോട്ടര്‍ പട്ടികയിൽ ഒഴിവാക്കിയവരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നും ഒഴിവാക്കിയതിനുള്ള കാരണവും നൽകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ആധാർ രേഖയായി അംഗീകരിക്കണമെന്നും കോടതി നിർദേശിച്ചു. ചൊവ്വാഴ്ചക്കകം പ്രചാരമുള്ള പത്രങ്ങളിൽ പ്രസിദ്ധീകരിക്കണം. ഓഗസ്റ്റ് 1 ന് പുറത്തിറക്കിയ കരട് പട്ടികയിൽ 65 ലക്ഷം പേര്‍ ഒഴിവാക്കപ്പെട്ടു എന്ന വിവരമാണ് പുറത്തുവന്നത്.

എസ്ഐആറിലെ വാദം ഏകദേശം അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. എങ്ങനെയാണ് 65 ലക്ഷം പേരെ ഒഴിവാക്കിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ചോദിച്ചത്. മരിച്ചുപോയവരുടെ പട്ടിക എന്ന പേരിൽ കമ്മീഷൻ നൽകുന്ന പട്ടിക എന്ത് പരിശോധനയുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയതെന്നും കോടതി ചോദിക്കുന്നുണ്ട്. അതുപോലെ തന്നെ 65 ലക്ഷം പേരുടെ പട്ടിക ലഭിക്കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പട്ടിക പ്രസിദ്ധീകരിക്കണം എന്നാണ് കോടതി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം, ബിഎൽഒമാരുടെ ഓഫീസിൽ ഈ പട്ടിക പ്രദര്‍ശിപ്പിക്കണം, പത്രങ്ങളിലും ഇക്കാര്യത്തിൽ വിശദീകരണം നൽകണം എന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ചൊവ്വാഴ്ചക്കകം ഈ പട്ടിക് പ്രസിദ്ധീകരിക്കണമെന്ന നിര്‍ദേശമാണ് കോടതി നൽകിയിരിക്കുന്നത്. ആധാറിനെ രേഖയായി കണക്കാക്കണമെന്നും കോടതി നിർദേശച്ചു.
