
ചക്കംക്കണ്ടം മാലിന്യ വിഷയത്തിൽ സമഗ്ര അന്വേഷണം വേണം : അനിൽ അക്കര

ഗുരുവായൂർ : ചക്കംക്കണ്ടം മാലിന്യ പ്ലാൻറ് പ്രവർത്തനം ഭാഗികമായി ആണെന്നും പ്ലാൻ്റിലേക്കുള്ള വിതരണശൃംഖല, പദ്ധതിയുടെ ഒരു ശതമാനം പോലും പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിനും വാട്ടർ അതോറിറ്റിക്കും കഴിഞ്ഞിട്ടില്ല എന്നും ഈ സാഹചര്യത്തിൽ 20 കോടിയിലധികം ചിലവ് ചെയ്ത് നടപ്പിലാക്കിയ പദ്ധതിയുടെ പ്രവർത്തനത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് എ.ഐ.സി.സി. അംഗം അനിൽ അക്കര ആവശ്യപ്പെട്ടു.
ചക്കംക്കണ്ടം മാലിന്യ പ്ലാൻ്റ് പൂർണ പരാജയമാണെന്നും അനിൽ ആരോപിച്ചു. പാവറട്ടി -തൈക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗ തീരുമാനം അനുസരിച്ച് ജനപ്രതിനിധികളുടെ സംഘം പ്ലാന്റും പരിസരപ്രദേശങ്ങളും സന്ദർശിച്ചു. അവിടെ പ്ലാന്റിന്റെ പ്രവർത്തനം ഭാഗികമാണെന്നും പ്ലാന്റിലേക്ക് അഴുക്ക് ജലം കടത്തിവിടുന്ന വിതരണ ശൃംഖല ഉപയോഗിക്കാതെ ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും നേരിട്ട് പുഴയിലേക്ക് ഒഴുക്കി വിടുകയാണെന്നും ആയിരത്തിലധികം സ്ഥാപനങ്ങളുള്ള ഈ പ്രദേശത്തെ നൂറിൽ താഴെ സ്ഥാപനങ്ങൾ മാത്രമാണ് പദ്ധതിയിൽ പങ്കാളികൾ ആയിട്ടുള്ളതെന്നും യോഗം വിലയിരുത്തി. ഗുരുവായൂർ-മണലൂർ- നാട്ടിക തുടങ്ങിയ നിയോജക മണ്ഡലങ്ങളിലെ പരിസ്ഥിതിക്കും ജന ജീവിതത്തിനും ഭീഷണിയായി ഈ പദ്ധതി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത് സംബന്ധിച്ച് കേരള നിയമസഭ പരിസ്ഥിതി കമ്മിറ്റിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുവാനും യോഗം തീരുമാനിച്ചു.
പാവറട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.ജെ. സ്റ്റാൻലി അധ്യക്ഷ വഹിച്ചു.ജില്ല പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി സി. ശ്രീകുമാർ, ഡിസിസി സെക്രട്ടറി സിജു പാവറട്ടി, അർബൻ ബാങ്ക് ചെയർമാൻ എ.ടി സ്റ്റീഫൻ മാസ്റ്റർ, ജനപ്രതിനിധികളായ ബി.വി ജോയ്, അജിത അജിത്, വിൻസി ജോഷി, കെ.എം മെഹ്റൂഫ്, കെ.വി.സത്താർ, ലത പ്രേമൻ, പി.എസ് രാജൻ, ജോയ് ചെറിയാൻ, എ.പി. ബാബു മാസ്റ്റർ, ഒ ജെ ഷാജൻ, ജറോം ബാബു, സുനിത രാജു, ടി.കെ സുബ്രമണ്യൻ, സിന്ദു അനിൽകുമാർ, മജീദ് ചക്കക്കണ്ടം, സത്യനാഥൻ കുന്നത്തുള്ളി, ഫൈസൽ പി.വി, കെ കൃഷ്ണൻ, കാളാനി പുഴ സംരക്ഷണ സമിതി ചെയർമാൻ എം.കെ അനിൽ കുമാർ എന്നിവർ പ്ലാന്റ് സന്ദർശിച്ചു.
