
വിമാനദുരന്തം, ഇന്ധന സ്വിച്ചുകൾ ഓഫായത് കാരണം.

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സംഭവത്തിന്റെ ദുരൂഹത വര്‍ധിക്കുകയാണ്. പറന്നുയര്‍ന്ന് സെക്കന്റുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടേയും പ്രവര്‍ത്തനം നിലച്ചതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ വിമാനം പറന്നുയര്‍ന്ന ശേഷം ഓഫായതായി അന്വേഷണത്തില്‍ കണ്ടെത്തി. ആരാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതിന്റെയും ‘താന്‍ ചെയ്തിട്ടില്ലെന്ന്’ മറുപടി പറയുന്നതും വോയ്സ് റെക്കോഡില്‍ ഉണ്ട്. ഇതാണ് അപകടത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്. മനപൂര്‍വം ചെയ്തതാണോ, ആതോ ഫ്യൂവല്‍ സ്വിച്ചിന്റെ തകരാറോ, ബോയിങ്ങിന്റെ പരിശോധനയിലെ പിഴവോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് 32 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് എയര്‍ ഇന്ത്യവിമാനം തകര്‍ന്നു വീണത്. 270 ആളുകള്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. എന്‍ജിനുകളിലേക്ക് ഇന്ധനമെത്തിക്കുന്ന സ്വിച്ച് ‘ഓഫ്’ ആയി എന്നാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ധന സ്വിച്ച് ഓഫ് ആക്കിയത് ആരാണെന്ന് ഒരു പൈലറ്റ് ചോദിക്കുന്ന ശബ്ദരേഖ അന്വേഷണസംഘത്തിന് ലഭിച്ചു. മനഃപൂര്‍വം സ്വിച്ച് ഓഫാക്കിയതാണോ, സാങ്കേതിക തകരാറാണോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായ അന്വേഷണത്തിലൂടെയേ പുറത്തുവരൂ.
15 പേജുള്ള റിപ്പോര്‍ട്ടാണ് പ്രാഥമിക അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം എഞ്ചിനുകള്‍ രണ്ടും ആകാശത്തുവെച്ച് നിലച്ചു. ഫ്യൂവല്‍ സ്വിച്ചുകള്‍ ഒരു സെക്കന്‍ഡിനുള്ളില്‍ റണ്‍ പൊസിഷനില്‍ നിന്ന് കട്ട് ഓഫ് സ്ഥാനത്തേക്ക് നീങ്ങി. ‘എന്തിനാണ് കട്ട് ഓഫ് ചെയ്തത്?’ എന്ന് ഒരു പൈലറ്റ് ചോദിച്ചതായും മറ്റേയാള്‍ ‘ഞാന്‍ ചെയ്തില്ല’ എന്ന് മറുപടി പറഞ്ഞതായും കോക്ക്പിറ്റ് ഓഡിയോ സ്ഥിരീകരിക്കുന്നു. എഞ്ചിനുകള്‍ക്ക് ശക്തി നഷ്ടപ്പെട്ടപ്പോള്‍, അടിയന്തര ഹൈഡ്രോളിക് പവര്‍ നല്‍കുന്നതിനായി റാം എയര്‍ ടര്‍ബൈന്‍ ( RAT) സ്വയം വിന്യസിക്കപ്പെട്ടു. എഎഐബിക്ക് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ റാം എയര്‍ ടര്‍ബൈന്‍ പ്രവര്‍ത്തിക്കുന്നത് വ്യക്തമാണ്.

പൈലറ്റുമാര്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒന്നാം എഞ്ചിന്‍ ഭാഗികമായി പ്രവര്‍ത്തനക്ഷമമായെങ്കിലും രണ്ടാം എഞ്ചിന്‍ പ്രവര്‍ത്തനക്ഷമമായില്ല. വിമാനം 32 സെക്കന്‍ഡ് മാത്രമാണ് ആകാശത്തുണ്ടായിരുന്നത്. വിമാനത്തില്‍ നിറച്ച ഇന്ധനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടേക്ക് ഓഫിനുള്ള ഫ്‌ലാപ്പ് ക്രമീകരണവും ഗിയര്‍ പൊസിഷനും സാധാരണ നിലയിലായിരുന്നു. പക്ഷികളുടെ സാന്നിധ്യമോ കാലാവസ്ഥാ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. അപകടകരമായ വസ്തുക്കളൊന്നും വിമാനത്തില്‍ ഉണ്ടായിരുന്നില്ല. തെളിഞ്ഞ ആകാശവും വ്യക്തമായ ദൃശ്യപരതയും നേരിയ കാറ്റുമായിരുന്നു ഉണ്ടായിരുന്നത്. പരിചയ സമ്പന്നരായ പൈലറ്റുമാരായിരുന്നു വിമാനം പറത്തിയതെന്നും കൃത്യമായ വിശ്രമം ലഭിച്ചിരുന്നതായും വൈദ്യപരിശോധനയില്‍ ഇവര്‍ക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളും കണ്ടെത്തിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.