
ഗുരുവായൂരിൽ വഴിപാട് സമർപ്പണത്തിന് ഗുണമേൻമയുള്ള അവിൽ ഉപയോഗിക്കണമെന്ന്.

ഗുരുവായൂർ : ക്ഷേത്രത്തിൽ വഴിപാട് സമർപ്പണമായി പഴകിയതും ഉപയോഗശൂന്യവുമായ അവിൽ സമർപ്പിക്കുന്നത് നിരുൽസാഹപ്പെടുത്തണമെന്ന് ദേവസ്വം. ഗുണമേൻമ കുറഞ്ഞതും പഴകിയതുമായ അവിൽ സമർപ്പിക്കുന്നത് ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം നിർദേശം.. ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ പാലിക്കാതെ തുണിയിലും കവറിലും പൊതിഞ്ഞ അവിലുകൾ സമർപ്പിക്കുന്നത് ഭക്തർ ഒഴിവാക്കണമെന്ന് ദേവസ്വം അഭ്യർത്ഥിച്ചു.

ദിനംപ്രതി ചാക്കുകണക്കിന് അവിലാണ് ക്ഷേത്രത്തിൽ സമർപ്പിക്കുന്നത്. തുണിയിലും മറ്റും പൊതിഞ്ഞാണ് ഭക്തർ വഴിപാടായി അവിൽ സമർപ്പിക്കുന്നത്. ചിലർ പ്ലാസ്റ്റിക് കവറുകളിലാക്കിയും.എന്നാൽ ഇവയിലേറെയും പഴകി പ്യൂപ്പൽ ബാധിച്ചതും ഗുണനിലവാരം കുറഞ്ഞതുമാണ്. ഉൽപ്പാദിച്ച തീയതിയോ ഉപയോഗിക്കാവുന്ന കാലാവധിയോ രേഖപ്പെടുത്തിയിട്ടില്ല. സ്ഥാപനത്തിൻ്റെ പേരോ അഡ്രസോ കവറിൽ ഉണ്ടാകില്ല.
ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ പാലിക്കാതെ വിൽക്കുന്ന അവിലുകൾ വാങ്ങി സമർപ്പിക്കുന്നത് ഭക്തർ ഒഴിവാക്കണം. മാത്രമല്ല ഇത്തരത്തിൽ ഉപയോഗശൂന്യമായ ക്വിൻ്റൽ കണക്കിന് അവിൽ നിർമ്മാർജ്ജനം ചെയ്യുന്നത് ദേവസ്വത്തിന് അധികബാധ്യതയായി മാറി.
ഈ സാഹചര്യത്തിൽ ഗുണമേന്മയുള്ളതും ഭക്ഷ്യ സുരക്ഷാചട്ടങ്ങൾ പാലിച്ച് വിതരണത്തിനെത്തിക്കുന്നതുമായ അവിൽ സമർപ്പിക്കാൻ ഭക്തജനങ്ങൾ ശ്രദ്ധിക്കണമെന്ന് ദേവസ്വം അഭ്യർത്ഥിച്ചു. ഭക്തരുടെ അഭ്യർത്ഥന പ്രകാരം ഗുണമേൻമയുള്ള അവിൽ സമർപ്പണത്തിന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ അറിയിച്ചു.
