Header 1 vadesheri (working)

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത്

Above Post Pazhidam (working)

മലപ്പുറം: നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ അതിവേഗം പ്രഖ്യാപിച്ചു പ്രചരണ രംഗത്ത് മുന്നിലെത്താന്‍ യുഡിഎഫ്. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ കെപിസിസിയില്‍ ധാരണയായി. ഷൗക്കത്തിന്റെ പേര് മാത്രമായി എഐസിസിക്ക് കൈമാറാനാണ് ശ്രമം നടക്കുന്നത്. വി എസ് ജോയിയുടെ പേര് നേരത്തെ ഉയര്‍ന്നെങ്കിലും കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എത്തിയതോടെ മുസ്ലിം പ്രാതിനിധ്യം കണക്കിലെടുക്കാന്‍ കെപിസിസി തീരുമാനിക്കുകയായിരുന്നു. ഇതോടെ പിതാവ് ആര്യാടന്‍ മുഹമ്മദ് വര്‍ഷങ്ങളോളം വിജയിച്ചു വന്ന സീറ്റില്‍ മകന്‍ പിന്‍ഗാമിയാകാന്‍ സാധ്യതകള്‍ ഏറുകയാണ്. തന്നെ സ്ഥാനാര്‍ത്ഥിയാക്കണോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്റാണെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വലിയ ഭൂരിപക്ഷത്തിന് വിജയിക്കും. ഭൂരിപക്ഷം എത്രയെന്ന് പ്രവചിക്കാനില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.

First Paragraph Rugmini Regency (working)

അതേസമയം മറുവശത്ത് എല്‍ഡിഎഫ് ആരെ സ്ഥാനാര്‍ഥിയാക്കും എന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. യുഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതിന് ശേഷം സാമുദായിക പരിഗണനകള്‍ കൂടി പരിഗണിച്ച് പൊതുസ്വതന്ത്രനെ അടക്കം എല്‍ഡിഎഫ് തേടുന്നുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ആറ് പേരുകളില്‍ ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. മുന്‍പ് ആര്യാടന്‍ മുഹമ്മദിനെ നേരിട്ട റിട്ടയേഡ് അധ്യാപകന്‍ പ്രൊഫസര്‍ എം തോമസ് മാത്യു, മുന്‍ ഫുട്ബോള്‍ താരം യു ഷറഫലി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി ഷബീര്‍, നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലിം, ആരോഗ്യവകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ഷിനാസ് ബാബു, സിപിഎം ജില്ലാ കമ്മിറ്റി അംഗം വി എം ഷൗക്കത്ത് എന്നിവരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ പരിഗണനയിലുള്ളത്. ഒരാഴ്ച്ചയ്ക്കകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് എല്‍ഡിഎഫ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് ബിജെപി കോര്‍ കമ്മിറ്റിയില്‍ ഭൂരിപക്ഷ അഭിപ്രായം ഉയര്‍ന്നു. നിലമ്പൂരില്‍ പണവും അധ്വാനവും കളയേണ്ടതില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. മറ്റ് സ്ഥാനാര്‍ത്ഥികളെ നോക്കി ആവശ്യമാണെങ്കില്‍ മാത്രം പുനരാലോചന നടത്താനാണ് തീരുമാനം. ക്രിസ്ത്യന്‍ സമൂഹത്തെ തഴയുകയാണെങ്കില്‍ പുനരാലോചിക്കാനും സാധ്യതയേറെയാണ്. ഇപ്പോഴത്തെ ഫോക്കസ് പഞ്ചായത്ത് തിരഞ്ഞെടുപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്ന് പറഞ്ഞിരുന്നു.

Second Paragraph  Amabdi Hadicrafts (working)

വരാന്‍ പോകുന്ന എംഎല്‍എയ്ക്ക് ആറ് മാസം മാത്രമല്ലേ കാലാവധിയുള്ളുവെന്നും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോയെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയില്‍ എല്‍ഡിഎഫിനും നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്. ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിയിക്കാന്‍ വിജയം എല്‍ഡിഎഫിന് അനിവാര്യമാണ്. അന്‍വര്‍ പ്രഭാവം ഏശിയില്ലെന്ന വികാരം ഉണര്‍ത്താന്‍ ഇടതിന് വിജയം അനിവാര്യമായി മാറുകയാണ്. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലമ്പൂരിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 30ന് വൈകുന്നേരം നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി സംസാരിക്കും. പിണറായിസം തകരുമെന്ന് പി വി അന്‍വര്‍ പറഞ്ഞ സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയെത്തുന്നത്.

നിലമ്പൂരില്‍ പി വി അന്‍വറിന്റെ ഇംപാക്ട് ഉണ്ടാകില്ലെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി പി അനില്‍ പറഞ്ഞിരുന്നു. അന്‍വര്‍ പോകുമ്പോള്‍ പാര്‍ട്ടിയാകെ ഒലിച്ചുപോകുമെന്നായിരുന്നല്ലോ പറഞ്ഞതെന്നും ഒരു പോറല്‍ പോലും ഏറ്റില്ലെന്നത് കാലം തെളിയിച്ചതാണെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. അന്‍വറിന്റെ പാര്‍ട്ടി മാറ്റം തിരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നും നിലമ്പൂരില്‍ അന്‍വര്‍ ഫാക്ടറല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണോയെന്നും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയാണോയെന്നും പാര്‍ട്ടി തീരുമാനിക്കുമെന്നാണ് വി പി അനില്‍ പറഞ്ഞത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആന്റി പിണറായിസത്തിന്റെ വോട്ട് വന്ന് വീഴുന്നത് കാണാമെന്ന് അന്‍വര്‍ പറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അന്‍വറിന്റെ ഈ പ്രതികരണം. നിലമ്പൂരിലെയും കേരളത്തിലെ ജനങ്ങള്‍ക്കും കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടു. വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് നിലമ്പൂരില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘മൂന്നാമതും പിണറായി വരുമെന്ന നരേഷന്‍ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിന്റെ വസ്തുത ബോധ്യപ്പെടുന്ന തിരഞ്ഞെടുപ്പ് ഫലമായിരിക്കുമിത്. പ്രോഗ്രസ് റിപ്പോര്‍ട്ടിനെ കുറിച്ച് പ്രത്യേകമായി പറയും. ആളുകളുടെ കണ്ണില്‍ പൊടിയിടുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടാണിത്. ഏത് പ്രശ്നമാണ് ഈ സര്‍ക്കാര്‍ ശ്രദ്ധിച്ചത്. പാലം, റോഡ്, എയര്‍പോര്‍ട്ട് എന്ന് പറഞ്ഞ് മറിമായം നടത്തുന്നു. അതിനപ്പുറമുള്ള പ്രശ്നങ്ങള്‍ ഇവിടെയുണ്ട്’, അന്‍വര്‍ പറഞ്ഞു.

‘കുടുംബാധിപത്യ രാഷ്ട്രീയമാണ് ഇവിടെ. പാര്‍ട്ടിയെയും ഭരണകൂടത്തെയും ഒരു മരുമകന്റെ കാല്‍ ചുവട്ടിലാക്കിയ സര്‍ക്കാര്‍ ഇന്ത്യയിലെവിടെയെങ്കിലുമുണ്ടോ. ജനങ്ങള്‍ ഇത് കാണുന്നുണ്ട്. സഖാക്കള്‍ കാണുന്നുണ്ട്. അവരിലാണ് വിശ്വാസം. സിപിഐഎമ്മിന്റെ ആത്മവിശ്വാസം അവരെ രക്ഷിക്കട്ടെ. സര്‍ക്കാര്‍ നിലമ്പൂരില്‍ എന്ത് ചെയ്തു. ഒന്നാം പിണറായി സര്‍ക്കാര്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ മരുമകന്‍ മന്ത്രിയായി വന്നിട്ട് നിലമ്പൂരില്‍ എന്ത് ചെയ്തു’, അന്‍വര്‍ ചോദിച്ചു. ജൂണ്‍ 19 നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.