
നിലമ്പൂർ തിരഞ്ഞെടുപ്പ് , പിണറായിസത്തിന്റ അവസാന ആണി: അൻവർ

ന്യൂഡല്‍ഹി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വോട്ടെണ്ണല്‍ ജൂണ്‍ 23 ന് നടക്കും. ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നാളെ പുറപ്പെടുവിക്കും.

പി വി അൻവർ എംഎല്‍എ സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ രണ്ട് ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.
വോട്ടെടുപ്പിന് ഇനി 25 ദിവസങ്ങള്‍ മാത്രമാണുള്ളത്. നിലമ്പൂരിനൊപ്പം ഗുജറാത്തിലെ രണ്ട് മണ്ഡലങ്ങള്‍, പഞ്ചാബിലെ ലുധിയാന വെസ്റ്റ്, ബംഗാളിലെ കാളിഗഞ്ച് മണ്ഡലങ്ങളിലും ഉപതെഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

അതെ സമയം നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കുമെന്ന് പി വി അന്‍വര്‍. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. പിണറായിസത്തിന്റെ അവസാനത്തെ ആണി അടിച്ചിരിക്കുമെന്നു പറഞ്ഞാല്‍ അടിച്ചിരിക്കും. അതില്‍ ആത്മവിശ്വാസമുണ്ട്. പിണറായിസം എന്താണെന്ന് വിസ്തരിക്കപ്പെടുന്ന തെരഞ്ഞെടുപ്പായിരിക്കും നിലമ്പൂരില്‍ നടക്കാനിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഒരു നിലപാടുമില്ല. യുഡിഎഫിന് പരിപൂര്‍ണ പിന്തുണയാണ് നല്‍കിയിരിക്കുന്നതെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു
യുഡിഎഫ് പ്രഖ്യാപിക്കുന്ന ഏതു സ്ഥാനാര്‍ത്ഥിയായാലും അംഗീകരിക്കും. അത് ജനങ്ങളുടെ സ്ഥാനാര്‍ത്ഥിയാണ്. ജനങ്ങളും പിണറായിസവും തമ്മിലുള്ള ഏറ്റുമുട്ടലാണ് നിലമ്പൂരില്‍ നടക്കുക. ആ ഏറ്റുമുട്ടലില്‍ ആരെ നിര്‍ത്തിയാലും, കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ പ്രതിനിധിയായിട്ടാണ് നിലമ്പൂരിലെ ജനങ്ങള്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ കാണാന്‍ പോകുന്നത്. നിലമ്പൂരില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കാര്‍ഷിക മേഖല തകര്‍ന്നു. വന്യജീവി ശല്യം രൂക്ഷമാണ്.
പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം പിണറായിസവും നിലമ്പൂരില്‍ ചര്‍ച്ച ചെയ്യപ്പെടും. നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത് കുടുംബാധിപത്യമാണ്. മരുമോനിസമാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ഒരു സര്‍ക്കാരിനെയും ഒരു പാര്‍ട്ടിയേയും ഒരു കുടുംബത്തിന്റെ കാല്‍ക്കീഴില്‍ അടിച്ചിരുത്തി ചവിട്ടി മെതിക്കുന്നതാണ് നമ്മള്‍ കാണുന്നത്. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം പാവപ്പെട്ട തൊഴിലാളികളും സഖാക്കളും ഇത് കണ്ടുകൊണ്ടിരിക്കുകയും സഹിക്കുകയും ചെയ്യുകയാണ്. പി വി അന്‍വര്‍ പറഞ്ഞു.
നിലമ്പൂരിലെ വോട്ടര്‍മാരെ സംബന്ധിച്ച് വലിയ ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട്. 2026 ല്‍ ഈ ജനദ്രോഹ സര്‍ക്കാര്‍ തിരിച്ചു വരുമെന്ന പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അങ്ങനെ വരുമെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒട്ടനവധി കാര്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന് അമ്മായിയപ്പനും മരുമോനും കേക്ക് മുറിച്ച് സന്തോഷിക്കുന്നത് നമ്മള്‍ കണ്ടതാണ്. കേക്കുമുറിയും ആഘോഷവും നടക്കുമ്പോഴാണ്, പാവപ്പെട്ട ആശാ പ്രവര്‍ത്തകര്‍ കാസര്‍കോട്ടു നിന്നും ആരംഭിച്ച പട്ടിണി ജാഥ കേരളത്തിന്റെ ഹൃദയത്തിലൂടെ കടന്നുപോകുന്നത്.
ഒരു നൂറു രൂപ പോലും അവര്‍ക്ക് വര്‍ധിപ്പിച്ച് കൊടുക്കാന്‍ തയ്യാറാകാത്ത തൊളിലാളി വര്‍ഗ സര്‍ക്കാരാണിത്. ഇന്ത്യ കണ്ട ഏറ്റവും വലിയ മുതലാളിത്ത സര്‍ക്കാര്‍ കേരളത്തെ അടക്കിവാഴുകയാണ്. അതിനെതിരായ പ്രതികരണം ഇവിടത്തെ ജനങ്ങള്‍ നല്‍കും. 2026 ല്‍ കേരളം ആരു ഭരിക്കുമെന്നതിന്റെ ജനവിധിയായിരിക്കും നിലമ്പൂരില്‍ ഉണ്ടാകുക. ഇതിന് നിലമ്പൂരിലെ ജനങ്ങള്‍ക്ക് വലിയ ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട്. അത് അവര്‍ നിറവേറ്റും. യുഡിഎഫ് സ്ഥാനാര്‍ത്ഥി വലിയ ഭൂരിപക്ഷത്തിന് വിജയിച്ചുകയറുമെന്നും പി വി അന്‍വര്‍ പറഞ്ഞു.