
രണ്ട് ക്ലബുകൾ തമ്മിൽ ഏറ്റുമുട്ടി , വധ ശ്രമ കേസിൽ എട്ടു പേർ അറസ്റ്റിൽ

ചാവക്കാട്: വട്ടേക്കാട് നേര്‍ച്ചയോടനുബന്ധിച്ച് പ്രദേശത്തെ രണ്ട് ക്ലബ്ബുകളിലെ യുവാക്കള്‍ തമ്മില്‍ നടന്ന അടിപിടിയുടെ തുടര്‍ച്ചയായി ചൊവ്വാഴ്ച രാത്രി രണ്ടു ക്ലബുകളിലെയും അംഗങ്ങള്‍ രണ്ടിടത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഭവത്തില്‍ രണ്ട് വധശ്രമകേസുകളെടുത്ത് എട്ടു പേരെ ചാവക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി.വി.വിമലിന്റെ നേതൃത്വത്തില്‍അറസ്റ്റ് ചെയ്തു. 2024-ല്‍ വട്ടേക്കാട് പളളി നേര്‍ച്ചക്ക് നടന്ന തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് രണ്ടു ക്ലബുകളിലെ അംഗങ്ങള്‍ തമ്മില്‍ വട്ടേക്കാട്, ഒരുമനയൂര്‍ എന്നിവിടങ്ങളില്‍വച്ച് ചൊവ്വാഴ്ച രാത്രി ഏറ്റുമുട്ടിയത്.

വട്ടേക്കാട് നടന്ന വധശ്രമകേസുമായി ബന്ധപ്പെട്ട് വട്ടേക്കാട് സ്വദേശികളായ രായംമരക്കാര്‍ വീട്ടില്‍ മാനവ്(25), പണിക്കവീട്ടില്‍ കൊട്ടിലുങ്ങല്‍ സുഹൈല്‍(22), പണിക്കവീട്ടില്‍ സാലിഹ്(23), ചാവക്കാട് കണ്ണീക്കുത്തി പുതുവീട്ടില്‍ അബി(മുത്തു 25) എന്നിവരെയാണ് വിവിധയിടങ്ങളില്‍ നിന്നായി പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ചാവക്കാട് കണ്ണീക്കുത്തിയില്‍ താമസിക്കുന്ന റഹബ് ഒളിവിലാണ്.

ഗള്‍ഫില്‍ നിന്നും ചുരുങ്ങിയ ദിവസത്തിന് അവധിക്ക് നാട്ടിലെത്തിയതാണ് മാനവും റഹബും. ഒരുമനയൂരില്‍ നടന്ന വധശ്രമകേസുമായി ബന്ധപ്പെട്ട് കറുകമാട് കറുപ്പംവീട്ടില്‍ ജിംഷാദ്(21), കറുകമാട് അറക്കല്‍ വീട്ടില്‍ മുഹമ്മദ് ഷെഹ്‌സിന്‍(20), ബ്ലാങ്ങാട് രായംമരക്കാര്‍ വീട്ടില്‍ അബ്ദുല്‍ ഹസീബ്(21), കറുകമാട് അറക്കല്‍ വീട്ടില്‍ സുബൈര്‍(33) എന്നിവരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. വട്ടേക്കാടുളള ക്ലബ്ബിലെ അംഗങ്ങളായ മാനവ്, സുഹൈല്‍, സാലിഹ്, അബി(മുത്തു), റഹബ് എന്നിവര്‍ രണ്ട് ബൈക്കുകളിലായി ചൊവ്വാഴ്ച രാത്രി 12.45 ഓടെ കറുകമാടുളള നാലുമണിക്കാറ്റ് പരിസരത്തെത്തി കോയമ്പത്തൂരിലേക്ക് പോകാന്‍ കൂട്ടുകാരനെ കാത്തിരിക്കുകയായിരുന്ന കറുകമാടുളള ജിംഷാദ്, ഷെഹ്‌സിന്‍, ഹസീബ്, സുബൈര്‍ എന്നിവരെ ആക്രമിക്കുകയായിരുന്നു.
ഇതിനു തിരിച്ചടിയായാണ് ഒരുമനയൂരില്‍വച്ച് കറുകമാടുള്ള ക്ലബിലെ അംഗങ്ങള്‍ വട്ടേക്കാട്ടെ ക്ലബുകാരുമായി വീണ്ടും സംഘട്ടനമുണ്ടായത്. രണ്ടു സംഭവങ്ങളിലുമായി പരിക്കേറ്റവര്‍ ചാവക്കാട് താലൂക്ക് ആശുപത്രി, ഹയാത്ത്, തൃശൂര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സ തേടി. ഇരു കൂട്ടര്‍ക്കുമെതിരെ കൊലപാതകശ്രമമടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുളളത്. ഇത്തരത്തിലുളള പ്രതികാര നടപടികള്‍ ആവര്‍ത്തിക്കുയാണെങ്കില്‍ ക്ലബ്ബുകള്‍ക്ക് നേര്‍ച്ച കാഴ്ചകളില്‍ പങ്കെടുക്കാന്‍ വിലക്കും രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പടെയുളള ശക്തമായ നടപടികളും സ്വീകരിക്കുമെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. എസ് ഐ ലത്തീഫ്, എഎസ് ഐ മണികണ്ഠന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇ.കെ.ഹംദ്, അരുണ്‍, ശിവപ്പ, അനൂപ്, അജിത്ത്, പ്രശാന്ത്, അമര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു