
ഗുരുവായൂർ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ അക്ഷയതൃതീയ .

ഗുരുവായൂര്‍ : ഗുരുവായൂർ ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവം ഏപ്രില്‍ 21 മുതല്‍ 30 വരെ നടക്കുമെന്ന് ക്ഷേത്ര സമിതി ഭാരവാഹികൾ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിശേഷാല്‍ ചുറ്റുവിളക്കുകള്‍, വിശേഷാല്‍ എഴുന്നള്ളിപ്പ്, പിറന്നാള്‍ സദ്യ, ദേവസഹോദര സംഗമം എന്നിയോടെയാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ഏപ്രില്‍ 21ന് വൈകീട്ട് മുന്നൂറ് പേർ പങ്കെടുക്കുന്ന മെഗാ തിരുവാതിര നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. 23 ന് രാത്രി എട്ടിന് കിളിമാനൂർ സലിം കുമാറും സംഘവും അവതരിപ്പിക്കുന്ന കഥാ പ്രസംഗം അരങ്ങേറും .

ഏപ്രില്‍ 29വരെ ചുറ്റുവിളക്കുകളും വൈകീട്ട് ആറരക്ക് വിവിധ കലാപരിപാടികളുമുണ്ട്. 29 ന് വൈകിട്ട് ഏഴിന് കൊച്ചിൻ ഗോൾഡൻ ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും ഏപ്രില്‍ 30ന് ബലരാമ ജയന്തിനാളില്‍ രാവിലെ എട്ടിന് വിശേഷാല്‍ എഴുന്നള്ളിപ്പ് നടക്കും. 11.30 മുതല്‍ വിഭവ സമൃദ്ധമായ പിറന്നാള്‍ സദ്യ ആരംഭിക്കും. വൈകീട്ട് മൂന്നരക്ക് ആല്‍ത്തറ മേളം അരങ്ങേറും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ബലരാമക്ഷേത്രത്തിലേക്ക് ഭക്തിനിര്‍ഭരമായ ഘോഷയാത്ര നടക്കും.

തുടര്‍ന്ന് ദേവസഹോദര സംഗമം നടക്കും. വൈകീട്ട് ദീപാരാധന, കേളി, ദേശക്കാരുടെ തിരുമുല്‍കാഴ്ച സമര്‍പ്പണം, വിശേഷാല്‍ ചുറ്റുവിളക്ക്, എഴുന്നള്ളിപ്പ് എന്നിവ നടക്കും. ക്ഷേത്ര സമിതി പ്രസിഡന്റ് പുരുഷോത്തമ പണിക്കര്‍, സെക്രട്ടറി എ.വി. പ്രശാന്ത്, എസ്.വി. ഷാജി, കെ. സേതുമാധവന്‍, ടി.കെ. സുധീര്‍, ബാബു വീട്ടിലായില്‍, കെ എ ബാലകൃഷ്ണൻ ,എം.എം. ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.