
വധ ശ്രമകേസിൽ യുവാവ് അറസ്റ്റിൽ

ചാവക്കാട് : കടപ്പുറം ഫോക്കസ് സ്കൂൾ പരിസരത്ത് വെച്ച് സുഹൃത്തിനെ കത്രിക കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തൊട്ടാപ്പ് പുതുവീട്ടിൽ അജ്മൽ (28) നെ ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിമൽ വിവിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ബ്ലാങ്ങാട് തൊട്ടാപ്പ് കേന്ദ്രീകരിച്ചു വളർന്ന ലഹരിസംഘമാണ് പിന്നിലെന്ന് പോലീസ്.

ലഹരി ഉപയോഗിച്ച് കൊണ്ടിരിക്കെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് അജ്മൽ തന്റെ സുഹൃത്തായ വെങ്കിടങ് മതിലകത്ത് നിസാമുദീന്റെ (24) ശരീരത്തിൽ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു. നിസാമുദീനെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പച്ചെങ്കിലും അജ്മലിനെ ഭയന്ന് ആശുപത്രിയിൽ നിന്നും ഇറങ്ങിപ്പോയി.
കൊലപാതകം, കവർച്ച, മോഷണം, കഞ്ചാവ് പൊതി ഒളിപ്പിച്ചുവെക്കൽ തുടങ്ങി പതിനഞ്ചോളം കേസിൽ പ്രതിയാണ് അജ്മൽ. ഗുരുവായൂർ എ സി പി സനോജ് ന്റെ നിർദേശത്തെ തുടർന്ന് ലഹരിവിരുദ്ധ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ചെന്നൈ ട്രെയിൻ കാത്തുനിന്ന പ്രതി ചാവക്കാട് പോലീസിന്റെ പിടിയിലായത്.

സബ് ഇൻസ്പെക്ടർ ശരത് സോമൻ സിവിൽ പോലീസ് ഓഫീസർമാരായ ഹംദ് ഇ കെ, സന്ദീപ് എങ്ങണ്ടിയൂർ, രജനീഷ്, രജിത്ത്, ശിവപ്രസാദ്, റോബർട്ട് എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.