
ഉത്സവ ലഘുലേഖയിൽ തെറ്റുകളുടെ മഹോത്സവം , ഭക്തർ ആശയ കുഴപ്പത്തിൽ

ഗുരുവായൂര്‍ : ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരണ വിഭാഗം കഴിവ് കെട്ടവരാണ് തങ്ങൾ എന്ന് ഒരിക്കൽ കൂടി തെളിയിച്ചു , ഉത്സവത്തിന്റെ അതിപ്രധാന ചടങ്ങുകള്‍ നടക്കുന്ന ദിവസങ്ങള്‍ തെറ്റായി രേഖപ്പെടുത്തി ഭക്തരെ ആശയക്കുഴപ്പത്തിലാക്കി. ഗുരുവായൂര്‍ ക്ഷേത്രോത്സവ ചടങ്ങുകളും, കലാപരിപാടികളും ഉള്‍പ്പെടുത്തിയ ലഘുലേഖയില്‍ തെറ്റുകളുടെ ഘോഷയാത്ര. ക്ഷേത്ര ചടങ്ങുകളുടെ ദിവസങ്ങളാണ് തെറ്റായി ദേവസ്വം അച്ചടിച്ചത്. ദേവസ്വത്തിന്റെ കണക്ക് അനുസരിച്ച് മാര്‍ച്ച് 17 ബുധനാഴ്ചയും, 18 വ്യാഴാഴ്ചയും, 19 വെള്ളിയാഴ്ചയുമാണ്.

ക്ഷേത്രത്തിലെ അതിപ്രധാനമായ ചടങ്ങുകളായ ഉത്സവ ബലി, പള്ളിവേട്ട, ആറാട്ട് എന്നിവയുടെ ദിവസങ്ങളാണ് ദേവസ്വം തെറ്റായി രേഖപ്പെടുത്തി ബ്രോഷര്‍ ഇറക്കിയത്. ആയിരക്കണക്കിന് കോപ്പി ബ്രോഷർ ആണ് ദേവസ്വം അച്ചടിച്ചു വിതരണം ചെയ്തിട്ടുള്ളത് . ഒരു കുടുംബ ക്ഷേത്രത്തിന്റെ നോട്ടീസിൽ പോലും ഉണ്ടാകാൻ പാടില്ലാത്ത വീഴ്ചയാണ് പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന് തയ്യാറാക്കിയ ലഘു ലേഖയിൽ സംഭവിച്ചിരിക്കുന്നത്. ലഘു ലേഖ വായിക്കുന്ന ഏത് ഒരാളും കരുതുക സാമാന്യ ബോധം പോലും ഇല്ലാത്ത ആളുകളെയാണോ ദേവസ്വം പ്രസിദ്ധീകരണ വിഭാഗത്തിൽ നിയമിച്ചിരിക്കുന്നത് എന്നാകും . തെറ്റ് സംഭവിച്ചതിനെ കുറിച്ച് ഒരു വിശദീകരണം പോലും പിന്നീട് ദേവസ്വം നല്‍കിയതുമില്ല. ദേവസ്വത്തിലെ ഏറ്റവും കഴിവുകെട്ട വിഭാഗമെന്ന് കുപ്രസിദ്ധി നേടിയ പ്രസിദ്ധീകരണ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രൂഫ് നോക്കി ലഘുലേഖ തയ്യാറാക്കിയത്.

ദേവസ്വം സംഘടിപ്പിച്ച കലാപരിപാടികളുടെ വേദിയില്‍ കയറി നിരങ്ങാന്‍ സ്പോണ്സർ മാഫിയകൾക്ക് സൗകര്യം ഒരുക്കിയതും ഇതേ പ്രസിദ്ധീകരണ വിഭാഗം തന്നെയാണ് . അതെ സമയം ഇതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ അല്ല എന്ന രീതിയിലാണ് ഭരണ സമിതിയുടെ പ്രവർത്തികൾ . തങ്ങളുടെ പരിപാടി ഹൈജാക്ക് ചെയ്ത സ്പോൺസർ മാഫിയക്ക് എതിരെ പോലീസിൽ പരാതി നല്കാൻ പോലും ദേവസ്വം തയ്യാറല്ല എന്ന വിവരമാണ് പുറത്തു വരുന്നത് . കൂടുതൽ നടപടികളിലേക്ക് കടന്നാൽ മാഫിയ സംഘം അപ്രിയ സത്യങ്ങൾ വിളിച്ചു പറയുമോ എന്ന ഭയവും ദേവസ്വം അധികൃതർക്ക് ഉണ്ട്