
കോതകുളങ്ങര ഭരണി ഭക്തിസാന്ദ്രം , കാളി കാവുകയറ്റം 5 ന്

ഗുരുവായൂർ : പാലുവായ് ശ്രീകോതകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി ആഘോഷം ഭക്തിസാന്ദ്രമായി. 25 ഓളം ദേശപ്പൂരങ്ങളാണ് വര്‍ണങ്ങളുടെ നിറക്കാഴ്ചയൊരുക്കി ക്ഷേത്ര സന്നിധിയില്‍ സംഗമിച്ചത്. പുലര്‍ച്ചെ മൂന്നിന് നട തുറക്കല്‍, നിര്‍മ്മാല്യ ദര്‍ശനം, വാകച്ചാര്‍ത്ത് എന്നീ ചടങ്ങുകള്‍ നടന്നു. ഉച്ചയ്ക്ക് താലവും വാദ്യമേളങ്ങളുമായി വടക്കും വാതുക്കല്‍ ഗുരുതി, ഉച്ചപൂജ എന്നിവയുണ്ടായി.

പഞ്ചവാദ്യം, മേളം, തായമ്പക എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് നടന്നു. പഞ്ചവാദ്യത്തിന് കൊരട്ടിക്കര ബാബു, മേളത്തിന് ഗുരുവായൂര്‍ ഗോപന്‍ മാരാര്‍, തായമ്പകക്ക് നിരഞ്ജന്‍ ഗുരുവായൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉച്ചക്ക് മൂന്നിന് ശേഷം ദേശപ്പൂരങ്ങളുടെ വരവാരംഭിച്ചു. വൈകീട്ട് ദീപാരാധന, കേളി, തായമ്പക എന്നിവ നടന്നു.
അഞ്ചിന് താഴെക്കാവ് ഉത്സവമാണ്. മുല്ലപ്പുഴക്കല്‍ കുടുംബത്തില്‍ നിന്നുള്ള പാരമ്പര്യ വേലവരവും കുതിര – കാളകളുടെ കാവുകയറ്റവും നടക്കും. വാദ്യമേളങ്ങളുടെ താളത്തിനൊപ്പം ഉറഞ്ഞാടുന്ന കാളി – കരിങ്കാളി വേഷങ്ങളുടെ കാവുകയറ്റവുമുണ്ട്. ഗുരുതി തര്‍പ്പണത്തിന് ശേഷം നട അടക്കും.
