
ഗുരുവായൂരിൽ പാതി വില തട്ടിപ്പ് , രവി പന ക്കൽ അറസ്റ്റിൽ
ഗുരുവായൂർ: പാതി വിലക്ക് സ്കൂട്ടറും, ലാപ്ടോപ്പും, ഗൃഹ ഉപകരണങ്ങളും നൽകാമെന്നു പറഞ്ഞു
തട്ടിപ്പിന് നേതൃത്വം നൽകിയ ആളെ ഗുരുവായൂർ ടെംപിൾ പൊലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി തിരുനെല്ലൂർ പനക്കൽ വീട്ടിൽ രവി പനക്കൽ(59)നെയാണ് ഗുരുവായൂർ എ.സി.പി ടി.എസ് സിനോജ്, ടെംപിൾ സി.ഐ അജയ്കുമാർ എന്നിവരുടെ നിർദ്ദേശാനുസരണം എസ്.ഐ പ്രീത ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്ത് പാതിവില തട്ടിപ്പ് നടത്തിയ അനന്തുകൃഷ്ണനൊപ്പം ചേർന്നായിരുന്നു ഇയാളുടെ തട്ടിപ്പ്. അറസ്റ്റിലായ രവി സെക്രട്ടറിയായ ന്യൂസ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിൽ പലരിൽ നിന്നായി 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ട്. ഈ തുകയത്രയും രവി പനക്കലിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ മമ്മിയൂർ നാരായണൻകുളങ്ങര ക്ഷേത്രത്തിനടുത്തു ന്യൂസ് ഓഫ് ഇന്ത്യ എന്ന പേരിൽ ഒരു ഓഫിസും തുറന്നായിരുന്നു തട്ടിപ്പ്.
അനന്തുകൃഷ്ണൻ അറസ്റ്റിലായിട്ടും രവി പനക്കൽ ആളുകളെ കബളിപ്പിച്ചു അക്കൗണ്ടിലേക്ക് പണം വീണ്ടും വരുത്തിച്ചതായും ഇത് അനന്തകൃഷ്ണാനൊപ്പം ബോധപൂർവം തട്ടിപ്പ് നടത്തിയതിന് തെളിവാണെന്നും പൊലീസ് പറഞ്ഞു. 66,000നൽകി കബളിക്കപ്പെട്ട ഇരിങ്ങപ്പുറം സ്വദേശിനി രാഗിണി എന്നവരുടെ പരാതിയിലാണ് രവി പനക്കലിനെ അറസ്റ്റ് ചെയ്തത്.
ഈ പരാതി വന്നതിനു പിന്നാലെ 29 പരാതികൾ വേറെയും വന്നതായി എസ്.ഐ പ്രീത ബാബു പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ്.ഐ കെ. ഗിരി, സി.പി.ഒ മാരായ സുവീഷ്, റമീസ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.