ചുമർചിത്ര സംരക്ഷണം കാലത്തിൻ്റെ ആവശ്യം: സെമിനാർ
ഗുരുവായൂർ : കേരള ചരിത്രത്തെക്കുറിച്ച് തെളിവ് നൽകുന്ന കലാസൃഷ്ടികളാണ് ചുമർചിത്രങ്ങൾ. അവ സുസ്ഥിരമായി സംരക്ഷിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ഗുരുവായൂർ ദേവസ്വം നടത്തിയ ദേശീയ സെമിനാറിൽ അഭിപ്രായമുയർന്നു. ചുമർചിത്ര സംരക്ഷണം ആധുനിക കാലത്ത് എന്ന വിഷയത്തിൽ നടത്തിയ സെമിനാർ പ്രശസ്ത ആർട്ട് ക്യുറേറ്റർ ഡോ.എം വേലായുധൻ നായർ ഉദ്ഘാടനം ചെയ്തു. ചുമർചിത്രങ്ങളുടെ സംരക്ഷണവും പരിപാലനവും തികച്ചുംശാസ്ത്രീയമായ രീതിയിലാണെന്ന് ഡോ.എം.വേലായുധൻ നായർ പറഞ്ഞു.
ചുമർചിത്ര സംരക്ഷണം പണ്ടൊക്കെ കലാകാരൻമാരാണ് ചെയ്തിരുന്നത്. ഇപ്പോഴിത് മാറി ശാസ്ത്രീയമായി. കൺസർവേഷൻ സയൻ്റിസ്റ്റുകളുടെ മേഖലയാണിത്. ചുമർചിത്രങ്ങളുടെ തനിമയും സാരാംശവും ഒട്ടും ചോർന്നു പോകാതെയുള്ള സംരക്ഷണമാണ് ഇന്നിൻ്റെ ആവശ്യം.ഇതിനായി ആർടിസ്റ്റും ക്യുറേറ്റരും യോജിച്ച് പ്രവർത്തിക്കുന്നു – അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.
കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തെക്കുറിച്ച് വിലപ്പെട്ട തെളിവ് നൽകുന്ന കലാസൃഷ്ടികളാണ് ചുമർചിത്രങ്ങളെന്ന് പ്രശസ്ത കലാ ഗവേഷകൻ ഡോ.എം.ജി.ശശിഭൂഷൺ അഭിപ്രായപ്പെട്ടു. സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.ചലനാത്മകതയാണ് കേരളീയ ചുമർചിത്രങ്ങളുടെ ജീവൻ .അവ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്- ഡോ.എം.ജി.ശശിഭൂഷൺ പറഞ്ഞു.
കലാ ഗവേഷകൻ കെ.കെ മാരാർ, എം.നളിൻ ബാബു, കെ.യു കൃഷ്ണകുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഡോ. പി.നാരായണൻ നമ്പൂതിരി മോഡറേറ്ററായി. സെമിനാറിനു ശേഷം കലാ ഗവേഷകരും ചുമർചിത്ര കലാകാരൻമാരുമായി സംവാദവും നടന്നു .സെമിനാറിൽ പങ്കെടുത്തവർക്ക് കലാ ഗവേഷകൻ ഡോ.എം.ജി ശശിഭൂഷൺ സർട്ടിഫിക്കറ്റുകൾ നൽകി.