മഹാ കുംഭമേള’യ്ക്കിടെ അഗ്നി ബാധ,പത്ത് ടെന്‍റുകൾ കത്തിനശിച്ചു.
ലക്‌നൗ : രാജ്യത്ത് തന്നെ ഏറെ ശ്രദ്ധ നേടിയ ചടങ്ങായ ‘മഹാ കുംഭമേള’യ്ക്കിടെ അഗ്നി ബാധ . തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ ക്യാമ്പിൽ നിന്നും ചെറിയ പുക ഉയർന്നതിനെ പിന്നാലെ നടന്ന വൻ തീപിടുത്തത്തിൽ നിരവധി ടെന്‍റുകള്‍ കത്തിനശിച്ചു. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ ക്യാമ്പിലെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ ആളിക്കത്തിയത്. കുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ സെക്ടര്‍ 19ലെ ടെന്‍റുകളിലാണ് തീപടര്‍ന്നത്. ലക്ഷകണക്കിന് പേര്‍ പങ്കെടുക്കുന്ന കുംഭമേള നടക്കുന്നതിനിടെയാണ് അപകടമെങ്കിലും ഇതുവരെ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തീപിടുത്തത്തിൽ ആര്‍ക്കും പരിക്കേറ്റതായും വിവരമില്ല. തീ നിയന്ത്രണ വിധേയമാക്കിയെന്നും മുതര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രയാഗ് രാജിലെ ശാസ്ത്രി പാലത്തിന് സമീപം ആണ് തീ കണ്ടത്. തീ പിടിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് വലിയ രീതിയിൽ പുക ഉയര്‍ന്നതും പരിഭ്രാന്തി പരത്തി. തീ കൂടുതൽ സ്ഥലത്തേക്ക് പടരുന്നതിന് മുമ്പ് തന്നെ അണയ്ക്കാനായതിനാൽ വലിയ അപകടമാണ് ഒഴിവായത്.തീ പൂര്‍ണമായും അണച്ചെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പത്ത് ടെന്‍റുകളാണ് കത്തിനശിച്ചത്. സെക്ടർ 19ൽ ഗീത പ്രസിന്‍റെ ടെന്‍റിൽ ആണ് തീ ഉയർന്നതെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
അതേസമയം, മഹാകുഭമേള ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നേടിക്കൊടുക്കാന്‍ പോകുന്ന വരുമാനം ഏകദേശം രണ്ടുലക്ഷം കോടി രൂപ ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. മഹാകുംഭമേള എന്നപേരിൽ പുതിയ ജില്ലയുൾപ്പെടെ രൂപവത്‌കരിച്ചാണ് ഉത്തർപ്രദേശ് സർക്കാർ ഉത്സവം സംഘടിപ്പിക്കുന്നത്. ഇവിടെ 50 ലക്ഷം മുതല്‍ ഒരുകോടി തീര്‍ഥാടകരെ വരെ ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഏകദേശം 4000 ഹെക്ടർ സ്ഥലത്താണ് അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തിയത് . പാർക്കിങ് ഏരിയ മാത്രം 1850 ഹെക്ടറിലാണ്. മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് വിലയിരുത്തപ്പെടുത്ത 40 കോടി ജനങ്ങളില്‍ ഓരോരുത്തരും 5,000 രൂപവെച്ച് ചെലവാക്കിയാല്‍ തന്നെ മേളയില്‍നിന്ന് ലഭിക്കുന്ന ആകെ വരുമാനം രണ്ടുലക്ഷം കോടി രൂപയായിരിക്കും
കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ കണക്ക് പ്രകാരം പാക്കേജ് ഭക്ഷണം, വെള്ളം, ബിസ്‌ക്കറ്റ്, ജ്യൂസുകള്‍, മീല്‍സ് എന്നിവ അടങ്ങുന്ന ഭക്ഷണവും വെള്ളവും എന്ന വിഭാഗത്തില്‍ നിന്നുതന്നെ ഏകദേശം 20,000 കോടി വരുമാനം ലഭിക്കും. എണ്ണ, വിളക്കുകള്‍, ഗംഗാജലം, വിഗ്രഹങ്ങള്‍, ചന്ദനത്തിരി, മതഗ്രന്ഥങ്ങള്‍ എന്നിവ അടങ്ങുന്ന പൂജാദ്രവ്യങ്ങളും ആരാധനാവസ്തുക്കളും ഉള്‍പ്പെടുന്ന വിഭാഗത്തില്‍ നിന്നും 20,000 രൂപയുടെ വരുമാനമാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. പ്രാദേശിക-അന്തര്‍സംസ്ഥാന യാത്രകള്‍, ടാക്‌സികള്‍, ചരക്ക് ഗതാഗതം എന്നിവ ഉള്‍പ്പെടുന്ന യാത്രാസംബന്ധമായ വിഭാഗത്തില്‍ 10,000 കോടിയും വിനോദസഞ്ചാരം, ടൂര്‍ ഗൈഡുകള്‍, ട്രാവല്‍ പാക്കേജുകള്‍ എന്നിവയടങ്ങുന്ന ടൂറിസം വിഭാഗത്തില്‍ നിന്നും 10,000 കോടിയും ലഭിക്കുമെന്നാണ് സി.എ.ഐ.റ്റി.യുടെ വിലയിരുത്തല്‍. താത്കാലിക വൈദ്യസഹായ ക്യാമ്പുകള്‍, മരുന്നുകള്‍, ആയുര്‍വേദ ഉല്‍പന്നങ്ങള്‍ എന്നിവയില്‍ നിന്ന് 3,000 കോടി രൂപ ലഭിക്കാനും സാധ്യത ഉണ്ട്.