
ട്രംപ് അധികാരമേൽക്കുന്നതിന് മുൻപ് വിദേശ വിദ്യാർഥികൾ മടങ്ങി എത്തണമെന്ന് യു എസ് സർവ്വ കലാശാലകൾ

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ജനുവരി 20 ന് മുമ്പ് യുഎസിലേയ്ക്ക് മടങ്ങിയെത്തണമെന്ന് വിദേശ വിദ്യാര്‍ഥികളോട് യുഎസ് സര്‍വകലാശാലകള്‍. അധികാരമേറുന്ന ആദ്യ ദിവസം തന്നെ യാത്രാവിലക്ക് ഉള്‍പ്പെടെ കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സര്‍വകലാശാലകളുടെ നീക്കം

യുഎസില്‍ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളേയും പ്രൊഫണഷനുകളേയും ഇത് ബാധിക്കും. 2017ല്‍ ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത് ഏറെ ആശങ്കകള്‍ ഉണ്ടായിക്കിയിരുന്നു. ഒന്നാം ട്രംപ് ഭരണകാലത്തായിരുന്നു ഇത്. സമാനമായ സാഹചര്യം വീണ്ടും ഉണ്ടാകുമോയെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികളും സര്‍വകലാശാലകളും. ഈ പശ്ചാത്തലത്തിലാണ് ട്രംപ് വീണ്ടും അധികാരത്തിലെത്തുന്നതിന് മുമ്പ് വിദ്യാര്‍ഥികളുടെ യാത്രാ പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിന് വേണ്ടി സര്‍വകലാശാലകള്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. യുഎസിന് പുറത്തുള്ള വിദേശ വിദ്യാര്‍ഥികളോടും ജീവനക്കാരോടും എത്രയും പെട്ടെന്ന് തിരികെ എത്താനാണ് നിര്‍ദേശം. എന്നാല്‍ ഇന്ത്യയുടെ വിദേശ കാര്യമന്ത്രാലയം ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക നിര്‍ദേശങ്ങളോ പ്രതികരണങ്ങളോ നടത്തിയിട്ടില്ല. സാഹചര്യം കണക്കിലെടുത്ത് യുഎസിലെ ഇന്ത്യന്‍ പൗരന്‍മാരോട് യാത്രാ നിയന്ത്രങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാനാണ് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
യുഎസിലെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നിരുന്നു. 3,31,602 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് യുഎസിലുള്ളത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കൂടുതലാണ്. ചൈനീസ് വിദ്യാര്‍ഥികളുടെ എണ്ണം നാല് ശതമാനം കുറഞ്ഞിട്ടുണ്ട്.
