പൂരം വെടിക്കെട്ട് ; കേന്ദ്രത്തിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ല : മന്ത്രി കെ രാജൻ
തൃശൂര്‍: തൃശൂര്‍ പൂരം അടക്കമുള്ള ഉത്സവങ്ങളുടെ വെടിക്കെട്ട് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച നിർദേശം പരസ്യമായ വെല്ലുവിളിയാണെന്ന് മന്ത്രി കെ. രാജന്. ഈ നിർദേശപ്രകാരം തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താന്‍ സാധിക്കില്ല. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള പൂരങ്ങളെ തകര്‍ക്കാനുള്ള നീക്കമാണിത്. വിഷയത്തില്‍ പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രി, കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി, കേരളത്തില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ക്ക് കത്തയക്കുമെന്നും മന്ത്രി രാജന് പറഞ്ഞു.ഗസറ്റ് വിജ്ഞാപനത്തിലൂടെ ഇറക്കിയ നിർദേശങ്ങളിലെ അഞ്ചെണ്ണം ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല.
കരിമരുന്ന് സാമഗ്രികള്‍ സൂക്ഷിക്കുന്ന കമ്പപ്പുര, വെടിക്കെട്ട് നടക്കുന്നയിടത്തുനിന്ന് 200 മീറ്റര്‍ അകലെയായിരിക്കണമെന്ന നിർദേശം പിന്‍വലിക്കണം. നിലവിലെ അകലമായ 45 മീറ്റര്‍ തുടരണം. കാണികള്‍ക്ക് നിശ്ചയിച്ച അകലം 100 മീറ്ററില്‍നിന്ന് 50-70 മീറ്ററായി കുറക്കണം. സ്കൂളുകള്‍ക്ക് 250 മീറ്റര്‍ അകലെയേ വെടിക്കെട്ട് പാടുള്ളൂവെന്ന നിർദേശവും പിന്‍വലിക്കണം.തൃശൂര്‍ പൂരത്തിന്റെ ഭംഗി ഇല്ലാതാക്കുന്നതും സ്വരാജ് റൗണ്ടില്‍ പോലും വെടിക്കെട്ട് നടത്താന്‍ പറ്റാത്ത സ്ഥിതി ഉണ്ടാക്കുന്നതുമാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശമെന്നും മന്ത്രി പറഞ്ഞു. കടുത്ത നിയന്ത്രണങ്ങളോടെ പുതിയ മാര്ഗനിര്ദേശങ്ങൾകേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലെ പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസിവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് (പെസോ) കടുത്ത നിയന്ത്രണങ്ങളോടെ പുതിയ മാര്‍ഗനിര്‍ദേശമിറക്കിയത്.
പെട്രോളിയം ആൻഡ് എക്സ്പ്ലോസിവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) നടത്തുന്ന ഫയർവർക്സ്, അസി. ഫയർവർക്സ് ഡിസ്പ്ലേ ഓപറേറ്റർ പരീക്ഷകൾ പാസായവരുടെ സാന്നിധ്യത്തിലേ വെടിക്കെട്ട് നടത്താവൂവെന്ന് ഇതിൽ പറയുന്നു. നാഷനൽ ഫയർ പ്രൊട്ടക്ഷൻ ഏജൻസിയുടെ മാർഗനിർദേശങ്ങളനുസരിച്ച് പരിശീലനം നേടിയവരാവണം ഇവർ. രാജ്യാന്തര നിലവാരമുള്ള സുരക്ഷാമാനദണ്ഡങ്ങളാണ് ഏർപ്പെടുത്തുന്നതെന്ന് ഉത്തരവിൽ പറയുന്നുണ്ട്. വെടിക്കെട്ടിന് 15 ദിവസം മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലൈസൻസി അപേക്ഷ നൽകണം. കരിമരുന്ന് സാമ്പ്ൾ കെമിക്കൽ എക്സാമിനർ മുൻകൂട്ടി പരിശോധിക്കണം. പൊട്ടാസ്യം ക്ലോറേറ്റോ മറ്റു നിരോധിത വസ്തുക്കളോ ചേർക്കരുത്. വെടിക്കെട്ട് സ്ഥലത്ത് അഗ്നിരക്ഷാസേന നിർദേശിക്കുന്ന അഗ്നിശമനസൗകര്യങ്ങൾ ഏർപ്പെടുത്തണം.
ഏതെല്ലാം വെടിക്കെട്ട് ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്, അപകടമുണ്ടായാൽ എത്ര പ്രദേശത്തേക്ക് ബാധിക്കും, പ്രതിവിധികൾ തുടങ്ങിയവ രേഖാമൂലം അറിയിക്കണം. അപകടം നേരിടാൻ എമർജൻസി പ്ലാൻ തയാറാക്കണം. പൊതുജനങ്ങൾക്ക് പബ്ലിക് ലയബിലിറ്റി ഇൻഷുറൻസ് എടുക്കണം. വെടിക്കെട്ടിന് രണ്ടു ദിവസം മുമ്പ് മോക്ഡ്രിൽ നടത്തണം. അപകടമുണ്ടായാൽ ആളുകളെ എങ്ങനെ മാറ്റും എന്നതടക്കം ഇതിൽ പരിശോധിക്കണം. കരിമരുന്നുപ്രയോഗം നടത്തുന്ന ജീവനക്കാർ പ്രത്യേക നിറത്തിലുള്ള ജാക്കറ്റും അതിൽ ഫ്ലൂറസന്റ് സ്ട്രിപ്പുകളും ധരിക്കണമെന്നും ഉത്തരവിൽ പറയുന്നു. കൊല്ലം പുറ്റിങ്ങൽ ദുരന്തത്തെത്തുടർന്ന് പെസോ സംഘം സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് വ്യവസ്ഥകൾ പുതുക്കിയത്. ഡോ. എ.കെ. യാദവ്, ഡോ. ആർ. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം