Header 1 = sarovaram
Above Pot

ഹിസ്‌ബുല്ല മേധാവി ഹസൻ നസ്രല്ല കൊല്ലപ്പെട്ടു.

ജറുസലം: ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍. തെക്കന്‍ ബെയ്‌റൂട്ടിലെ ദഹിയയില്‍ ഇസ്രയേല്‍ കഴിഞ്ഞ ദിവസം നടത്തിയത് കനത്ത മിസൈല്‍ ആക്രമണം. ഈ മിസൈല്‍ ആക്രമണത്തിലാണ് നസ്‌റല്ല കൊല്ലപ്പെട്ടത്. വര്‍ഷങ്ങളായി ഇസ്രയേലിന്റെ നോട്ടപ്പുള്ളിയാണ് ഹസന്‍. ലബനന്‍ കേന്ദ്രമാക്കി ഇസ്രയേലിനെതിരെ വര്‍ഷങ്ങളായി പോരാട്ടം നടത്തുന്നയാള്‍.

മധ്യപൂര്‍വദേശത്ത് വലിയ സ്വാധീനമുള്ള നേതാവാണ് നസ്‌റല്ല. ഇസ്രയേലിനോട് പോരാടാന്‍ ഇറാനില്‍നിന്ന് റോക്കറ്റുകളും മിസൈലുകളും ഹിസ്ബുല്ലയ്ക്കു ലഭിക്കുന്നുണ്ട്. ഇറാനുമായി അടുത്ത ബന്ധമുള്ള നസ്‌റല്ലയാണ് ഹിസ്ബുല്ലയെ ഇന്ന് കാണുന്ന തരത്തില്‍ രാഷ്ട്രീയ, സൈനിക സംഘടനയാക്കി മാറ്റിയത്. ഇസ്രയേലിന്റെ വധഭീഷണിയുള്ളതിനാല്‍ പൊതു ചടങ്ങുകളില്‍ വര്‍ഷങ്ങളായി പങ്കെടുക്കാറില്ല. ഈ നേതാവിനെയാണ് ഇസ്രയേല്‍ വകവരുത്തുന്നത്. പലസ്തീന്‍ സായുധ സംഘടനയായ ഹമാസ്, ഇറാഖിലെയും യെമനനിലെയും സായുധ ഗ്രൂപ്പുകള്‍ എന്നിവയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്. ലെബനീസ് രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായ നസ്‌റല്ലയാണ് ലെബനീസ് സൈന്യത്തേക്കാള്‍ വലിയ സൈനിക ശക്തിയായി ഹിസ്ബുല്ലയെ വളര്‍ത്തിയെടുത്തത്. അതുകൊണ്ട് തന്നെ ഹിസ്ബുല്ലയ്ക്ക് വലിയ തിരിച്ചടിയാണ് ഈ കൊലപാതകം.

Astrologer

1960ല്‍ ബെയ്‌റൂട്ടിലാണ് ജനനം. ഒന്‍പത് മക്കളില്‍ മൂത്തവന്‍. 1975ല്‍ ഷിയ ഗ്രൂപ്പുകളുടെ അമല്‍ മൂവ്‌മെന്റിന്റെ ഭാഗമായി. മതപഠനത്തിനുശേഷം ലബനനില്‍ തിരിച്ചെത്തി വീണ്ടും അമല്‍ മൂവ്‌മെന്റിന്റെ ഭാഗമായി. 1982ല്‍ ഇസ്രയേല്‍ ലബനനെ ആക്രമിച്ചപ്പോള്‍ ഗ്രൂപ്പില്‍നിന്നും വിട്ടുപോയി. ഇറാന്റെ പിന്തുണയോടെ പിന്നീട് ഹിസ്ബുല്ല സംഘടന ഉദയം ചെയ്തപ്പോള്‍ ഇതിന്റെ ഭാഗമായി. ഹിസ്ബുല്ലയുടെ നേതൃനിരയിലേക്ക് ഉയര്‍ന്നു. ഹിസ്ബുല്ല മേധാവി അബ്ബാസ് അല്‍ മുസാവി ഇസ്രയേലിന്റെ ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ 32ാം വയസില്‍ ഹിസ്ബുല്ലയുടെ പ്രധാന നേതാവായി. പിന്നീട് സമാനതകളില്ലാത്ത സായുധ സംഘമാക്കി ഹിസ്ബുല്ലയെ മാറ്റി.

2006 ല്‍ ഹിസ്ബുല്ല ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തി. 8 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം യുദ്ധമായി വളര്‍ന്നു. 34 ദിവസത്തെ യുദ്ധത്തില്‍ 1125 ലെബനന്‍കാരും 119 ഇസ്രയേല്‍ സൈനികരും കൊല്ലപ്പെട്ടു. ഇതിനെല്ലാം പ്രതികാരമായി ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബനനില്‍ ഇസ്രയേല്‍ പേജര്‍, വോക്കിടോക്കി സ്‌ഫോടനങ്ങള്‍ നടത്തി. നിരവധിപേര്‍ മരിച്ചു. ആക്രമണം ഞെട്ടിച്ചതായും തിരച്ചടിക്കുമെന്നും നസ്‌റല്ല വ്യക്തമാക്കിയിരുന്നു. പേജര്‍, വോക്കിടോക്കി സ്‌ഫോടനങ്ങള്‍ക്കു പിന്നാലെ ലബനനില്‍ ഇസ്രയേല്‍ കനത്ത ആക്രമണം നടത്തി. ഒറ്റദിവസം തെക്കന്‍ ലബനനില്‍ അഞ്ഞൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയെ ലക്ഷ്യമിട്ടു തെക്കന്‍ ബെയ്‌റൂട്ടിലെ ദഹിയയില്‍ ഇസ്രയേല്‍ കനത്ത മിസൈല്‍ ആക്രമണം നടത്തിയത് കഴിഞ്ഞ ദിവസമാണ്.

വന്‍സ്‌ഫോടനങ്ങളോടെ 4 കെട്ടിടസമുച്ചയങ്ങള്‍ തകര്‍ന്നടിഞ്ഞു. ഹിസ്ബുല്ലയുടെ സെന്‍ട്രല്‍ കമാന്‍ഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഈ ആക്രമണത്തിലാണ് നേതാവ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ അവകാശ വാദം.

Vadasheri Footer