തൃശൂർ പൂരം കുളമാക്കിയ സംഭവം ,അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം : സി പി ഐ
തൃശ്ശൂര്‍: തൃശൂർ പൂരം നിര്‍ത്തിവെക്കാനും അലങ്കോലപ്പെടുത്താനും ഇടയാക്കിയ സംഭവത്തെ കുറിച്ച് സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സി.പി.ഐ തൃശൂർ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന തൃശ്ശൂര്‍ പൂരത്തിന്റെ രാത്രി എഴുന്നള്ളിപ്പ് തടയാനും തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്തിവയ്ക്കാനും ഇടയായ സംഭവങ്ങളില്‍ ഗൂഢാലോചന നടന്നതായി ആ വേളയില്‍ തന്നെ സിപിഐ അഭിപ്രായപ്പെട്ടിരുന്നു. എല്‍ഡിഎഫ് നിലപാടും ഇതുതന്നെയായിരുന്നു.
സംഭവത്തിൽ ഗൂഢാലോചന പുറത്തു വരേണ്ടതുണ്ട്. പൂരം അലങ്കോലമാക്കിയതിന്റെ രാഷ്ട്രീയ ഗുണഭോക്താക്കള്‍ ബി.ജെ.പിയും സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുമായിരുന്നു. വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ള ചില സംഘപരിവാർ നേതാക്കളുടെ സാന്നിധ്യം ഇത്തവണത്തെ പൂരത്തില്‍ ഉണ്ടായത് സംശയം ജനിപ്പിക്കുന്നതായും എ.ഡി.ജി.പി-ആര്‍.എസ്.എസ് നേതാക്കളെ കണ്ടതുമായി ഉയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കായി പുറത്തുവിടണമെന്നും യോഗം ആവശ്യപ്പെട്ടു. വി.എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.പി രാജേന്ദ്രന്‍, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം സി.എന്‍ ജയദേവന്‍, ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, അസിസ്റ്റന്റ് സെക്രട്ടറിമാരായ പി ബാലചന്ദ്രന്‍ എം.എല്‍.എ, ടി.ആര്‍ രമേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
അതെ സമയം എഐവൈഎഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമർശനം ഉയർന്നു. പൊലീസിന്‍റെ പ്രവർത്തനം ശരിയല്ലെന്നും പൊതുജന മധ്യത്തിൽ സംസ്ഥാന സർക്കാരിന് മാനക്കേടുണ്ടാക്കുന്നുവെന്നും യോഗത്തിൽ വിമർശനമുണ്ടായി. തൃശൂർ പൂരം അലങ്കോലമാക്കിയതില്‍ അടക്കം എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്നാണ് യുവജന സംഘടന ആവശ്യപ്പെടുന്നത്. നാളെ കൊച്ചിയിൽ വാർത്താസമ്മേളനം നടത്തി ഇക്കാര്യം പരസ്യമായി ആവശ്യപ്പെടാനാണ് എഐവൈഎഫിന്‍റെ തീരുമാനം