തൃശൂർ പൂരം കുളമാക്കി യത് കൃത്യമായ ലക്ഷ്യത്തോടെ : വി. എസ്. സുനിൽ കുമാർ.
തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് യാദൃച്ഛികമല്ലെന്നും, അത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയതാണെന്നും സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. ഇതിന്റെ പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. പൂരം വിഷയത്തില്‍ പൊലീസിന് വീഴ്ച പറ്റി. അന്നു തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ എഡിജിപി അജിത് കുമാറിന് ഇതില്‍ പങ്കുണ്ടോയെന്ന് അറിയില്ല. പി വി അന്‍വര്‍ പറഞ്ഞ കാര്യങ്ങളല്ലാതെ തന്റെ കയ്യില്‍ തെളിവുകളൊന്നുമില്ലെന്നും വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.
പകല്‍പ്പൂരം ഒരു പരാതിയുമില്ലാതെയാണ് നടന്നത്. തെക്കോട്ടിറക്കം കഴിഞ്ഞശേഷം തിരുവമ്പാടി ദേവസ്വത്തിന്റെ ആളുകള്‍ അന്നത്തെ പൊലീസ് കമ്മീഷണര്‍ക്കൊപ്പം സെല്‍ഫി വരെ എടുത്തതാണ്. ആര്‍ക്കും ഒരു പരാതിയുമില്ലാതെ എല്ലാവരും ഒന്നിച്ച് നടത്തിയ പൂരം, രാത്രിയോടെ പൊലീസ് നാടകീയ നിലപാട് സ്വീകരിക്കുകയായിരുന്നു. മേളം നിര്‍ത്തിവെക്കുക, ലൈറ്റ് ഓഫ് ചെയ്യുക, വെടിക്കെട്ട് നടത്തില്ലെന്നും പറയുന്നു.
പൂരത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കാത്ത ബിജെപി സ്ഥാനാര്‍ത്ഥി ഈ സമയത്ത് നാടകീയമായി പ്രത്യക്ഷപ്പെട്ടു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഇതിന്റെ പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന എല്ലാവര്‍ക്കും മനസ്സിലാകും. പൂരം അലങ്കോലപ്പെടുത്താന്‍ തീരുമാനിച്ചത് സര്‍ക്കാരാണെന്നും, പിന്നില്‍ എന്‍ഡിഎഫ് ആണെന്നും പ്രചാരണം നടത്തി. ഇതിന്റെ പേരില്‍ ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ ജനവികാരം തിരിച്ചു വിടാന്‍ ബിജെപി നേതാക്കള്‍ ശ്രമിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ പൂരത്തിന്റെ പ്രധാന ചടങ്ങുകള്‍ നിര്‍ത്തിവെപ്പിച്ചതില്‍ പൊലീസ് മാത്രമല്ല, പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ചില ആളുകള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്.
പൂരത്തിന്റെ നടത്തിപ്പിലെ വീഴ്ചയില്‍ പൊലീസിന്റെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെടുകയാണ്. ഇതിന്റെ പിന്നിലെ സത്യം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇതില്‍ വിശ്വാസപരവും രാഷ്ട്രീയപരവുമായ വിഷയമുണ്ട്. പൂരം കലക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാരാണ്, എങ്ങനെ അലങ്കോലപ്പെട്ടു?, അതിനിടയാക്കിയ സാഹചര്യം എന്താണ്, അതിന്റെ പിന്നിലെ ഗൂഢാലോചന എന്നതെല്ലാം പുറത്തു വന്നേ മതിയാകൂ. പൂരം അലങ്കോലമായതിന്റെ ഇരയാണ് താനെന്നും വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.