Above Pot

തകർന്ന റോഡുകൾ, 2021 ജൂണ്‍ മുതല്‍ 2023 ഡിസംബര്‍ വരെ അപകടങ്ങളിൽ മരിച്ചത് 10,000 പേർ

തിരുവനന്തപുരം: റോഡ് പണി സമയബന്ധിതമായി തീര്‍ക്കുന്നതിലും കരാറുകാരുടെ കുടിശിക നല്‍കുന്നതിലും സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമീപകാല ചരിത്രത്തില്‍ കേരളത്തില്‍ റോഡുകള്‍ ഏറ്റവും മോശമായ സാഹചര്യത്തിലാണ് നജീബ് കാന്തപുരം അടിയന്തിര പ്രമേയത്തിന് നേട്ടീസ് നല്‍കിയത്. ഓരോ ജില്ലയിലെയും തകര്‍ന്നു കിടക്കുന്ന പ്രധാനപ്പെട്ട റോഡുകളുടെ പട്ടിക ഞങ്ങളുടെ കൈയിലുണ്ട്. തുടങ്ങുന്ന പണികള്‍ സമയബന്ധിതമായി തീരുന്നില്ല. കരാറുകാര്‍ക്ക് കോടികളാണ് കുടിശിക.

First Paragraph  728-90

Second Paragraph (saravana bhavan

പല പണികള്‍ എടുത്ത കരാറുകാര്‍ ഏതെങ്കിലും ഒരു പണി മാത്രമാണ് ചെയ്യുന്നത്. കരാറുകാര്‍ക്ക് ഇത്രയും കുടിശിക വന്ന കാലവും ഉണ്ടായിട്ടില്ല. അവരില്‍ പലരും ലോണെടുത്തും പലിശക്കെടുത്തുമാണ് പണി ചെയ്യുന്നതെന്നും വാക്കൗട്ട് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. എം.എല്‍.എ ഫണ്ട് പോലും ചിലവഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പണ്ട് കരാറുകാരെ എം.എല്‍.എമാര്‍ വിളിക്കേണ്ട ആവശ്യമില്ലായിരുന്നു. അവര്‍ ഇങ്ങോട്ട് വരുമായിരുന്നു. ഇപ്പോള്‍ കരാറുകാരെ നിര്‍ബന്ധിക്കേണ്ട അവസ്ഥയാണ്. പണമില്ലാത്തതിനാല്‍ പല വര്‍ക്കുകളും ചെയ്യാനാകാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഒരു വര്‍ക്കും ഏറ്റെടുക്കാനാകുന്നില്ല. കഴിഞ്ഞ വര്‍ഷം കിട്ടേണ്ട തുകയുടെ മൂന്നിലൊന്നു മാത്രമാണ് കിട്ടിയത്. അതുകൊണ്ടു തന്നെ ഗ്രാമീണ റോഡുകളും പരിതാപകരമായ അവസ്ഥയിലാണ്. പഞ്ചായത്ത് അംഗങ്ങളെ നാട്ടുകാര്‍ റോഡില്‍ തടുത്ത് നിര്‍ത്തുകയാണ്.

എന്‍.എച്ച് 66 മായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈക്കോടതി തന്നെ ഇടപെട്ടിട്ടുണ്ട്. ഒരു വര്‍ക്ക് നടക്കുമ്പോള്‍ യാത്ര ചെയ്യാനുള്ള ബദല്‍ സംവിധാനം ഒരുക്കേണ്ട ചുമതല സര്‍ക്കാരിനുണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്. അരൂരില്‍ നിന്നും തുറവൂര്‍ വരെയുള്ള റോഡിന്റെ സ്ഥിതി എന്താണ്? ആയിരക്കണക്കിന് പേരാണ് വഴിയില്‍ കിടക്കുന്നത്. എന്‍.എച്ച് 66 ശരിയാകുമ്പോള്‍ ഗംഭീരമാകുമെന്നാണ് പറയുന്നത്. പക്ഷെ അത് ശരിയാകുന്നതു വരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ അതിന്റെ ദുരിതം അനുഭവിക്കണോ? ലോകത്ത് എവിടെയെങ്കിലും ഇതുപോലെ ഒരു റോഡ് നിര്‍മ്മാണം നടക്കുമോ? നിരന്തരമായ ജാഗ്രതയോടെയുള്ള ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കേരളത്തിലൂടെ ആളുകള്‍ക്ക് യാത്ര ചെയ്യാനാകാത്ത അവസ്ഥയാണ്. ഹൈവെ പണി തീര്‍ന്നിട്ടു മാത്രം ജനങ്ങള്‍ യാത്ര ചെയ്താല്‍ മതിയോ? പണി തീരുന്നതുവരെ യാത്ര ചെയ്യുന്നതിനുള്ള ബദല്‍ മാര്‍ഗം ഒരുക്കാന്‍ സര്‍ക്കാര്‍ ഇടപെടണം.

അടിയന്തിര പ്രമേയ നോട്ടീസിനെ മന്ത്രി വ്യക്തിപരമായി എടുക്കേണ്ടതില്ല. മന്ത്രി ചെയ്തതും ചെയ്യാന്‍ പോകുന്നതുമായ കാര്യങ്ങള്‍ പറയാനുള്ള അവസരമാക്കി ഇതിനെ എടുക്കണം. വകുപ്പുകള്‍ തമ്മിലും മന്ത്രിമാര്‍ തമ്മിലും കോ-ഓര്‍ഡിനേഷനില്ല. പൊതുമരാമത്ത്, തദ്ദേശ സ്ഥാപനങ്ങള്‍, വൈദ്യുതി വകുപ്പ്, ജലവിഭവ വകുപ്പ് എന്നിവ തമ്മില്‍ ഏകോപനം നടത്തിയാല്‍ മാത്രമെ നാട്ടില്‍ റോഡ് പണിയാന്‍ സാധിക്കൂ. ഇവിടെ റോഡ് പണിതതിന്റെ പിറ്റേ ദിവസമാണ് പൈപ്പിടാന്‍ വരുന്നത്. പണിയാന്‍ പോകുന്ന റോഡില്‍ എന്തെങ്കിലും പ്രോജക്ട് ഉണ്ടോയെന്ന് മറ്റ് വകുപ്പുകളോട് ചോദിച്ച് അതു കൂടി പൂര്‍ത്തിയാക്കിയിട്ടു വേണം റോഡ് പണിയേണ്ടത്. എന്നാല്‍ പണി പൂര്‍ത്തിയാക്കിയ എത്രയോ സ്ഥലങ്ങളാണ് കുത്തിപ്പൊളിച്ചത്. ആലുവ- പെരുമ്പാവൂര്‍ റോഡ് ജല്‍ജീവന്‍ മിഷന് വേണ്ടി വാട്ടര്‍ അതോറിട്ടി കുത്തിപ്പൊളിച്ചു. എട്ടുമാസമായി ആ റോഡ് പൊളിഞ്ഞു കിടക്കുകയാണ്. പരാതി ഉയര്‍ന്നതോടെ ഈ റോഡ് ഞങ്ങളുടേതല്ലെന്നും വാട്ടര്‍ അതോറിട്ടിയുടേതാണെന്നും പൊതുമരാമത്ത് വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചു. റോഡ് മോശമായതിന്റെ ആക്ഷേപം കേള്‍ക്കാന്‍ തയാറല്ലാത്തതുകൊണ്ടാണ് മരാമത്ത് വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചത്. ഇതാണ് സംസ്ഥാനത്ത് നടക്കുന്ന ഏകോപനം.

ബി.എം ആന്‍ഡ് ബി.സി ഇപ്പോള്‍ തുടങ്ങിയതൊന്നുമല്ല. 2016-ല്‍ നിങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് എന്റെ നിയോജക മണ്ഡലത്തിലെ 80 ശതമാനം റോഡുകളും ബി.എം ആന്‍ഡ് ബി.സി പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ കിഫ്ബി വന്നതോടെ പൊതുമരാമത്ത് വകുപ്പിലേക്കുള്ള അലോട്ട്‌മെന്റ് കുറഞ്ഞു. ഇതോടെ വളറെ ചുരുങ്ങിയ കിലോമീറ്റര്‍ റോഡ് മാത്രമെ മരാമത്ത് വകുപ്പിന് ചെയ്യാന്‍ സാധിക്കുന്നുള്ളൂ. കുഴി അടയ്ക്കുന്നതിന് വേണ്ടിയുള്ള ശാസ്ത്രീയ ഒരു സംവിധാനവും ഉണ്ടായില്ല. റോഡ് അപകടങ്ങള്‍ ഗണ്യമായി വര്‍ധിക്കുന്നതിനും കുഴികള്‍ കാരണമാണ്. 2021 ജൂണ്‍ മുതല്‍ 2023 ഡിസംബര്‍ വരെ 110714 റോഡപകടങ്ങളാണ് ഉണ്ടായത്. പതിനായിരം പേരാണ് മരിച്ചത്. ഒരു ലക്ഷത്തിലധികം പേര്‍ പരിക്കേറ്റ് കിടക്കുന്നു. മോശമായ റോഡുകളുടെ പണി സമയബന്ധിതമായി തീര്‍ക്കുന്നതിലും കരാറുകാരുടെ കുടിശിക തീര്‍ക്കുന്നതിലും സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്ന് വി.ഡി. സതീശൻ പറഞ്ഞു.