വധ ശ്രമം , എസ് ഡി പി ഐ പ്രവർത്തകന് 9 വർഷ കഠിന തടവ്
ചാവക്കാട്: ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന് ഒമ്പത് വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എടക്കഴിയൂര്‍ നാലാം കല്ല് പടിഞ്ഞാറെ ഭാഗം കിഴക്കത്തറ ഷാഫി(30)യെ ആണ് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്.
നേരത്തെ ഈ കേസിലെ ഒന്നും മൂന്നും പ്രതികളും എസ്.ഡി.പി.ഐ. പ്രവര്‍ത്തകരുമായ എടക്കഴിയൂര്‍ നാലാംകല്ല് തൈപ്പറമ്പില്‍ മുബിന്‍(23), എടക്കഴിയൂര്‍ നാലാം കല്ല് പുളിക്കവീട്ടില്‍ നസീര്‍(26) എന്നിവരെ ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി ഒമ്പത് കൊല്ലം തടവിനും 30,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചിരുന്നു. രണ്ടാം പ്രതിയായ ഷാഫി അന്ന് ഒളിവിലായിരുന്നു.
2018 ഏപ്രില്‍ 26-ന് ഉച്ചക്ക് 2.15-നാണ് കേസിനാസ്പദമായ സംഭവം. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശികളായ കറുപ്പംവീട്ടില്‍ ബിലാല്‍(18), പണിച്ചാംകുളങ്ങര സാദിഖ്(23), മനയത്ത് നഹാസ്(21) എന്നിവര്‍ ചാലില്‍ കരീം എന്നയാളുടെ പറമ്പില്‍ സംസാരിച്ചുകൊണ്ടിരിക്കെ വാളും ഇരുമ്പ് പൈപ്പുമായി ബൈക്കിലെത്തിയ പ്രതികള്‍ ബിലാലിനെ വെട്ടുകയും അടിക്കുകയും ചെയ്തുവെന്നാണ് കേസ്. ബിലാലും മൂന്നാം പ്രതിയായ നസീറും തമ്മില്‍ മുമ്പ് വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിലാല്‍ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ഇതേതുടര്‍ന്നുള്ള വിരോധത്താലാണ് ബിലാലിനെ പ്രതികള്‍ ആക്രമിച്ചത്. പ്രതികള്‍ ആദ്യം ഇരുമ്പ് പൈപ്പ് കൊണ്ട് ബിലാലിന്റെ കാലില്‍ അടിച്ചു വീഴ്ത്തി. വീണ്ടും അടിക്കാനുള്ള ശ്രമം തടുത്ത് ബിലാല്‍ ഓടാന്‍ ശ്രമിച്ചപ്പോള്‍ മുബിന്‍ വാളുകൊണ്ട് ബിലാലിന്റെ വലതു കാല്‍മുട്ടിലും ഇടതുകാലിന്റെ തുടയിലും ശരീരത്തിന്റെ പല ഭാഗത്തും വെട്ടി. രണ്ടാം പ്രതിയായ ഷാഫി ഇരുമ്പ് പൈപ്പ് കൊണ്ട് ബിലാലിന്റെ ഇടതു കാല്‍മുട്ടിലും പുറത്തും ശരീരത്തിന്റെ പല ഭാഗത്തും അടിച്ചുപരിക്കേല്‍പ്പിച്ചു. ഓടികൂടിയവരെ പ്രതികള്‍ വാളും ഇരുമ്പു പൈപ്പും വീശി വിരട്ടിയോടിച്ച് ബൈക്കില്‍ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ഉടനെ മുതുവട്ടൂരിലെ ആശുപത്രിയിലും തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി.
ചാവക്കാട് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളുടെ പേരില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഒന്നാം പ്രതി മുബിന്‍ പുന്ന നൗഷാദ് കൊലപാതക കേസിലെ ഒന്നാം പ്രതിയാണ്. പിഴ സംഖ്യ മുഴുവന്‍ പരിക്ക് പറ്റിയ ബിലാലിന് നല്‍കാനും വിധിയിലുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ആര്‍. രജിത്കുമാര്‍ ഹാജരായി.