ഗുരുവായൂരിലെ ട്രാഫിക് പരിഷ്‌കാരം, വ്യവസായത്തെ തകർത്തു : ലോഡ്ജ് ഉടമ സംഘടന.
ഗുരുവായൂര്‍: ഗുരുവായൂരിലെ പുതിയ ട്രാഫിക് പരിഷ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത് മൂലം ഗുരുവായൂരിലെത്തുന്ന ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്തുവാന്‍ വളരെയധികം കഷ്ടപ്പെടുകയാണെന്ന് ഗുരുവായൂര്‍ ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഈ അശാസ്ത്രീയമായ ട്രാഫിക് പരിഷ്‌ക്കാരം മൂലം ഗുരുവായൂരിലെ ലോഡ്ജ് വ്യവസായം തകര്‍ച്ചയിലാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
തൃശൂർ റോഡിൽ നിന്നും വരുന്ന ചെറു വാഹനങ്ങൾ നേരെ കിഴക്കേ നട യിലേക്ക് പ്രവേശനം അനുവദിക്കണം കിഴക്കെനടയിലെ ടൂറിസ്റ്റ് ബസ് പാര്‍ക്ക്, സ്വകാര്യ ബസ്സ് സ്റ്റാന്റാക്കുകയും, പടിഞ്ഞാറെനടയിലെ മായ ബസ് സ്റ്റാന്റിന് സമീപം ഇപ്പോള്‍ സ്വകാര്യ ബസ് സ്റ്റാന്റാക്കിയ സ്ഥലത്ത് ടൂറിസ്റ്റ് ബസ്സുകള്‍ പാര്‍ക്ക് ചെയ്യുവാനും, ടൗണ്‍ഹാളിന് കിഴക്കുവശത്ത് മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള സ്ഥലം ടൂറിസ്റ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ചെയ്യേണ്ട താണ്. മേല്‍പ്പാലത്തിന്റെ ഇരുവശങ്ങളിലുള്ള സര്‍വ്വീസ് റോഡ് ഗതാഗതയോഗ്യമാക്കേണ്ടതും അത്യന്താപേക്ഷിതമാണ്. 170 ഓളം സ്വകാര്യ ലോഡ്ജുകള്‍ ഉള്ള ഗുരുവായൂരില്‍, അത്ര തന്നെ ഫ്‌ളാറ്റ് സമുച്ചയങ്ങളുമുണ്ട്. ഈ ഫ്‌ളാറ്റുകളില്‍ ബഹുഭൂരിപക്ഷവും അനഃധികൃതമായി ദിവസവാടകക്ക് നല്‍കുന്നതുമൂലം ഗുരുവായൂരിലെ സര്‍ക്കാര്‍ തലത്തില്‍ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടുള്ള ലോഡ്ജ് വ്യവസായം അടച്ചുപൂട്ടേണ്ട സ്ഥിതിയിലാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഒട്ടനവധി നിവേദനങ്ങള്‍ ഗുരുവായൂര്‍ നഗരസഭക്കും, സര്‍ക്കാര്‍തലത്തിലും നല്‍കിയിട്ടും ഇതിനെതിരെ ഒരു നടപടികളും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിക്കേണ്ടതായ ജി.എസ്.ടി, വസ്തുനികുതി, വൈദ്യുതി/വെള്ളകരം മുതലായവ അനധികൃതമായ പ്രവര്‍ത്തിയ്ക്കുന്ന ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ നിന്നും സര്‍ക്കാരിലേക്ക് എത്തുന്നുമില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. ഈ വിഷയങ്ങളില്‍ സത്വരനടപടികള്‍ അധികൃതരില്‍ നിന്ന് ഉണ്ടാവാത്തപക്ഷം ഗുരുവായൂരിലെ വ്യാപാരസമൂഹത്തിന്റെ പിന്തുണയോടെ ശക്തമായ പ്രതിഷേധ പരിപാടികള്‍ ആവിഷ്‌കരിക്കുവാന്‍ സംഘടന തീരുമാനമെടുത്തിട്ടുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പ്രസിഡണ്ട് ജി.കെ. പ്രകാശന്‍, സെക്രട്ടറി മോഹനകൃഷ്ണന്‍, ഭാരവാഹികളായ എം.ജി. ജയപാല്‍, പി.വി. രവീന്ദ്രന്‍ വി.വി. ബാബു, ആര്‍.വി. മുഹമ്മദ് എന്നിവര്‍ അറിയിച്ചു.