വിദ്യ എഞ്ചിനീയറിംഗ് കോളേജിൽ യു എ ഇ കമ്പനിയുടെ റിക്രൂട്ട്മെന്റ് ഡ്രൈവ്.
ഗുരുവായൂർ : യുഎഇയിലെ പ്രമുഖ കൺട്രാക്ടിംഗ് സ്ഥാപനമായ അൽ നാസർ കോൺട്രാക്ടിംഗ് കമ്പനി അധികൃതർ വിദ്യ എഞ്ചിനീയറിംഗ് കോളേജ് സന്ദർശിച്ചു.
എ. പി. ജെ. അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അക്കാദമിക് മികവും കോളേജിലെ ഭൗതിക സാഹചര്യങ്ങളും പരിഗണിച്ചാണ് യുഎഇയിലെ ഭീമൻ കമ്പനികളിൽ ഒന്നായ അൽ നാസർ തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളേജിൽ റിക്രൂട്ട്മെൻ്റ് നടത്താനായി വ്യാഴാഴ്ച എത്തിയത്.
കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഹാദിഷായും ഗ്രൂപ്പ് അഡ്വൈസർ കെ കെ തിലകൻ എന്നിവരടങ്ങിയ സംഘമാണ് കോളേജ് സന്ദർശിച്ചത്. കോളേജിലെ മാനേജ്മെൻ്റ് പ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും അൽ നാസർ പ്രതിനിധികളെ സ്വീകരിച്ചു. 4500 ലധികം സ്ഥിരം ജീവനക്കാരുള്ള അൽ നാസർ കോൺട്രാക്ടിംഗ് കമ്പനി സിവിൽ എഞ്ചിനീയറിംഗ്, ഇൻഫ്രാസ്ട്രക്ചർ, ഇലക്ട്രോ-മെക്കാനിക്കൽ മേഖലകളിൽ വൈദഗ്ദ്ധ്യമുള്ള ഒരു ആഗോള സ്ഥാപനമാണ്. പൈപ്പ്‌ലൈൻ, പമ്പ് സ്റ്റേഷനുകൾ, വലിയ ശേഷിയുള്ള സംഭരണ ടാങ്കുകൾ, ഫാക്ടറികളിലെ സിവിൽ വർക്ക്‌സ്, ഉപ്പുനീക്കം ചെയ്യൽ, റിവേഴ്സ് ഓസ്മോസിസ്, ക്ലോറിനേഷൻ പ്ലാന്റുകൾ, ഹൈ & മീഡിയം വോൾട്ടേജ് ഇലക്ട്രിക്കൽ നെറ്റ്‌വർക്കുകൾ, സബ്‌സ്റ്റേഷനുകൾ, കൂളിംഗ് പ്ലാന്റുകൾ, ചില്ലഡ് വാട്ടർ ഡിസ്ട്രിബ്യൂഷൻ, ഹീറ്റ് എക്സ്ചേഞ്ചറുകൾ, സബ്‌മറൈൻ പൈപ്പ്‌ലൈൻ & കേബിളുകൾ, ഫയർഫൈറ്റിംഗ് നെറ്റ്‌വർക്കുകൾ തുടങ്ങിയ മേഖലകളിൽ സജീവമാണ്.
റിക്രൂട്ട്മെന്റ് ഡ്രൈവിൽ ബി. ടെക് സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ നിന്നുള്ള 2024 ബാച്ചിലെ അവസാന വർഷ വിദ്യാർത്ഥികൾ പങ്കെടുത്തു. വരുന്ന വർഷങ്ങളിൽ കൂടുതൽ യുഎഇ ആസ്ഥാനമായുള്ള കമ്പനികൾ റിക്രൂട്ട്‌മെൻ്റിനായി കോളേജ് സന്ദർശിക്കുമെന്നും ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതായും കോളേജ് എക്സിക്യുട്ടീവ് ഡയറക്ടർ ശ്രീ സുരേഷ് ലാൽ അറിയിച്ചു. കേരളത്തിലെ എൻജിനീയറിംഗ് വിദ്യാഭ്യാസമേഖലക്ക് പുത്തൻ ഉണർവാണ് വിദേശ കമ്പനികൾ കേരളത്തിൽ റിക്രൂട്ട്മെൻ്റിനായി വരുന്നതോടെ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പാൾ ഡോ സി സുനിത, പ്ലേയ്സ്മെൻ്റ് ഡയറക്ടർ പോൾ ചാക്കോള സി എന്നിവർ നേതൃത്വം നൽകി.