Header 1 = sarovaram
Above Pot

ബിസ്കറ്റ് പാക്കറ്റിൽ 52 ഗ്രാം കുറവ്, ബ്രിട്ടാനിയ കമ്പനി 60,000 രൂപ നൽകണം

തൃശൂർ : ബിസ്കറ്റ് പാക്കറ്റുകളിൽ തൂക്കം കുറവ് ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വരാക്കരയിലുള്ള തട്ടിൽ മാപ്രാണത്തുകാരൻ വീട്ടിൽ ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലാണ് വരാക്കരയിലുള്ള ചുക്കിരി റോയൽ ബേക്കറി ഉടമക്കെതിരെയും ബാംഗളൂരിലെ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്.

Astrologer

ജോർജ് തട്ടിൽ, ചുക്കിരി റോയൽ ബേക്കറിയിൽ നിന്ന് ബ്രിട്ടാനിയ ന്യൂട്രി ചോയ്സ് തിൻ ആരോ റൂട്ട് ബിസ്കറ്റ് രണ്ട് പാക്കറ്റുകൾ വാങ്ങിയിരുന്നു.പാക്കറ്റൊന്നിന് 40 രൂപയായിരുന്നു. പാക്കറ്റുകളിൽ രേഖപ്പെടുത്തിയ തൂക്കം 300 ഗ്രാം ആയിരുന്നു. തൂക്കത്തിൽ സംശയം തോന്നിയ ജോർജ് പരിശോധിച്ചപ്പോൾ ഒരു പാക്കറ്റ് 268 ഗ്രാമും അടുത്തത് 249 ഗ്രാമും മാത്രമാണുണ്ടായിരുന്നത്. ജോർജ്, തൃശുർ ലീഗൽ മെട്രോളജി അസിസ്റ്റൻറ് കൺട്രോളറിനോട് പരാതിപ്പെടുകയും തൂക്കം നോക്കി ആരോപണം സ്ഥിരീകരിച്ചിട്ടുള്ളതുമാകുന്നു.

തുടർന്ന് ജോർജ് ഉപഭോക്തൃകോടതി മുമ്പാകെ ഹർജി ഫയൽ ചെയ്യുകയായിരുന്നു. എതിർകക്ഷികളുടെ നടപടി അനുചിത ഇടപാടാണെന്ന് കോടതി വിലയിരുത്തി. ഒരു പാക്കറ്റിൽ 52 ഗ്രാം കുറവുണ്ടെങ്കിൽ, അനേകം പാക്കറ്റുകൾ വില്പന നടത്തുമ്പോൾ എത്ര മാത്രം ഉപഭോക്താക്കൾ ചൂഷണം ചെയ്യപ്പെടുമെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഈ കാര്യത്തിൽ ലീഗൽ മെട്രോളജി കൺട്രാളർ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി നടപടികൾ സ്വീകരിക്കണമെന്നും വിലയിരുത്തി.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് സംഭവിച്ച സാമ്പത്തിക നഷ്ടത്തിനും വിഷമതകൾക്കും പരിഹാരമായി 50000 രൂപയും ചിലവിലേക്ക് 10000 രൂപയും ഹർജി തിയ്യതി മുതൽ 9 % പലിശയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. കൂടാതെ എതിർകക്ഷികളോട് ഇപ്രകാരമുള്ള അനുചിതഇടപാടുകൾ ആവർത്തിക്കരുതെന്നും കേരളത്തിലെ ലീഗൽ മെട്രോളജി കൺട്രോളറോട് സംസ്ഥാനവ്യാപകമായ രീതിയിൽ പരിശോധനകൾ നടത്തി ഇപ്രകാരമുള്ള ഇടപാടുകൾ സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും വിധിയിൽ പറയുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

Vadasheri Footer