സി പി എം – ബി ജെ പി ഡീല്‍, വി എസ് സുനില്‍കുമാര്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതാണ് ഉചിതം: എന്‍ പ്രതാപന്‍

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ രക്ഷിക്കാനുള്ള സി പി എം – ബി ജെ പി ഡീല്‍ കൂടുതല്‍ വ്യക്തമായ സാഹചര്യത്തില്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലം എൽ ഡി എഫ്. സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാര്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതാണ് ഉചിതമെന്ന് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ എം പി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിയാതെ ഇ ഡിക്ക് മുമ്പില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളുടെ പെട്ടെന്നുള്ള മനംമാറ്റത്തിന് പിന്നില്‍ എന്താണ് കാരണമെന്ന് വ്യക്തമാക്കണം. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ബിജു വ്യാഴാഴ്ചയും കഴിഞ്ഞ ദിവസം സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസും ജില്ലാ സെക്രട്ടറിയേറ്റംഗം പി കെ ഷാജനും ചോദ്യം ചെയ്യാനായി ഹാജരായത് ഡീല്‍ ഉറപ്പിച്ചതിന് ശേഷമാണെന്നും പ്രതാപൻ പറഞ്ഞു.

ബി ജെ പിയുമായുള്ള ധാരണ സംബന്ധിച്ച് ഫോണിലൂടെ അറിയിക്കുന്നതിലെ റിസ്‌ക് ഒഴിവാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നേരിട്ടെത്തി ഇക്കാര്യങ്ങള്‍ വേണ്ടപ്പെട്ടവരെ മാത്രം അറിയിച്ചത്. സി പി എമ്മിന്റെ കേഡര്‍ വോട്ടുകള്‍ ബി ജെ പിക്ക് നല്‍കാനുള്ള നാടകം അണിയറയില്‍ സജീവമാണ്. ദുര്‍ബലരായ സി പി ഐ മത്സരിക്കുന്നത് സി പി എമ്മിന്റെ ബലത്തിലാണ്. ഈ സാഹചര്യത്തില്‍ സ്വയം ബലിയാടാകാതെ മത്സരരംഗത്ത് നിന്നും പിന്‍മാറുന്നതാണ് വി എസ് സുനില്‍കുമാറിന് നല്ലതെന്നും പ്രതാപൻ പറഞ്ഞു.

കരുവന്നൂര്‍ കൊള്ളയെ മുന്‍നിര്‍ത്തി സി പി എമ്മും ബി ജെ പിയും നടത്തുന്ന ഡീല്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നുപറയേണ്ട ഉത്തരവാദിത്വം യു ഡി എഫിനുണ്ട്. സി പി എം – ബി ജെ പി ഡീല്‍ പരാജയപ്പെടുത്താന്‍ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങളുടേയും പിന്തുണ യു ഡി എഫിന് ലഭിക്കും. സി പി എമ്മും ബി ജെ പിയും ഏത് ഡീല്‍ ഉണ്ടാക്കിയാലും തൃശൂര്‍ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കഴിഞ്ഞ തവണത്തേതതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. മത സാമുദായിക വൈരം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് പോകില്ല. ഇക്കാര്യം കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും വ്യക്തമാക്കിയിട്ടുണ്ടെന്നും ടി എൻ പ്രതാപന്‍ പറഞ്ഞു.