മമ്മിയൂരിൽ ശിവ രാത്രി മഹോത്സവം
ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ ശിവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ക്ഷേത്രത്തിനകത്ത് കലാമണ്ഡലം രാമചാക്യാരുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന മത്തവിലാസം കൂത്തിന് ഇന്ന് സമാപനം കുറിച്ചു. ഇന്ന് വൈകിട്ട് നടന്ന കപാലിയോടെ ആയി രുന്നു സമാപനം. ഇന്ന് കാലത്ത് 6 മണി മുതൽ ഉച്ചക്ക് 12 മണി വരെ ദക്ഷിണേന്ത്യയിലെ പ്രശസ്തരായ നാഗസ്വര-തവിൽ സംഗീതജ്ഞർ പങ്കെടുത്ത മെഗാ നാഗസ്വര-തവിൽ സംഗീതോത്സവവും നാഗസ്വരപഞ്ചരത്‌നം,തനിയാവർത്തനവും ഭക്തജങ്ങൾക്ക് വേറിട്ട അനുഭവമായി നൂറോളം കലാകാരന്മാർ ഒത്തുചേർന്ന ഈ പരിപാടി ഭഗാവന് വഴിപാടായി സമർപ്പിച്ചത് ഡോ. വിജയകുമാറാണ്.
ക്ഷേത്രം നടരാജ മണ്ഡത്തിലെ കലാപരിപാടികൾക്ക് നാളെ കാലത്ത് ശിവരാത്രി മഹാത്മ്യം എന്ന വിഷയത്തിൽ വിശ്വനാഥ അയ്യർ നടത്തുന്ന ഭക്തി പ്രഭാഷണത്തോടെ തുടക്കം കുറിക്കും. തുടർന്ന് കാലത്ത് 11 മണിക്ക് നാട്യാഞ്ജലി, വൈകിട്ട് നൃത്തനൃത്തങ്ങൾ ഭക്തി ഗാനധാര എന്നിവയും മാർച്ച് 7നു കാലത്ത് പി.സി. സി ഇളയത്തിൻ്റെ ഭക്തി പ്രഭാഷണം, ഭരതനാട്യം, വൈകീട്ട് ദീപാരാധനക്ക് ശേഷം പത്മശ്രീ കലാമണ്ഡലം ഗോപിയും സംഘവും അവതരിപ്പിക്കുന്ന കർണ്ണശപഥം കഥകളിയും ഉണ്ടായിരിക്കും ശിവരാത്രി ദിവസമായ മാർച്ച് 8-ന് കാലത്ത് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ മഹാദേവനും, മഹാവിഷ്ണുവിനും ലക്ഷാർച്ചന, മഹാദേവന് ഭസ്മാഭിഷേകം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
കലാപരിപാടികളുടെ ഭാഗമായി ശിവരാത്രി ദിവസം കാലത്ത് ഗുരുവായൂർ മണി സ്വാമിയുടെ ഭക്തി പ്രഭാഷണം, മണലൂർ ഗോപിനാഥൻ്റെ ഓട്ടൻതുള്ളൽ, രഹ്നമുരളീ ദാസിൻ്റെ മോഹിനിയാട്ടം എന്നിവയും വൈകിട്ട് നാല് മണിക്ക് കോമത്ത് നാരായണ പണിക്കരുടെ നേതൃത്വത്തിൽ സമൂഹാർച്ചന ദീപാരാധനക്ക് ഗുരുവായൂർ മുരളിയുടെ നാഗസ്വരം, ഗുരുവായൂർ ശശിമാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പക രാത്രി ശ്രീ ഭൂതബലി എഴുന്നള്ളിപ്പിന് ശേഷം ഗുരുവായൂർ ക്ഷേത്ര കലാനിലയം അവതരിപ്പിക്കുന്ന ബാണയുദ്ധം കൃഷ്ണനാട്ടം എന്നിവയും ഉണ്ടായിരിക്കും. ഭസ്മാഭിഷേകത്തിനുള്ള ഭസ്മം ക്ഷേത്രത്തിൽ തയ്യാറാക്കിയിട്ടുണ്ടെന്നും, മഹാദേവൻ്റെ അഭിഷേകത്തിനു ശേഷം ഭസ്മം ഭക്തജനങ്ങൾക്ക് വിതരണം നടത്തുന്നതാണെന്നും ശിവരാത്രി ദിവസം ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും വിപുലമായ പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണെന്നും ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ,എക്സിക്യൂട്ടീവ് ഓഫീസർ എൻ.കെ. ബൈജു എന്നിവർ അറിയിച്ചു.