പോക്സോ കേസിലെ പ്രതിക്ക് 37 വര്‍ഷം കഠിന തടവ്.
ചാവക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 37 വര്‍ഷം കഠിനതടവും 3.1 ലക്ഷം രൂപ പിഴയും വിധിച്ച് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. മതിലകം പാപ്പിനിവട്ടം പൊന്നാംപടി വട്ടംപറമ്പില്‍ അലി അഷ്‌ക്കറി(24)നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്യാസ് തയ്യില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി സുഹൃത്ത് താമസിച്ചിരുന്ന വീട്ടില്‍ വച്ചും പ്രതിയുടെ വീട്ടില്‍ വച്ചും പല തവണ ബലാത്സംഗം ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2021 നവംബര്‍ 27 നാണ് പെണ്‍കുട്ടിയെ തടിക്കൊണ്ടു പോയത്. 2021 ഡിസംബര്‍ ഏഴ്, എട്ട് തീയതികളിലും 2022 ജനുവരിയിലെ ഒരു ദിവസവും പല തവണകളിലായി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. പിഴസംഖ്യ അതിജീവിതയ്ക്ക് നല്‍കാനും വിധിച്ചു.പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷവും എട്ട് മാസവും കൂടി തടവ് അനുഭവിക്കണം.
വാടാനപ്പള്ളി എസ്.ഐ. കെ. വിവേക് നാരായണന്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ എസ്.ആര്‍. സനീഷ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, സി.നിഷ എന്നിവര്‍ ഹാജരായി