Header 1 vadesheri (working)

ആശുപത്രിയിൽ നിന്നും കുത്തിവെപ്പ് എടുത്തു, കാലിന്റെ ചലന ശേഷി നഷ്ടപ്പെട്ടു.

Above Post Pazhidam (working)

ചാവക്കാട് : തലവേദനയെയും ഛർദിയെയും തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴു വയസ്സുകാരന് അശ്രദ്ധമായി ഇഞ്ചക്ഷൻ നൽകിയതിനെ തുടർന്ന് ഇടതു കാലിനു ചലന ശേഷി നഷ്ടപ്പെട്ടതായി പരാതി. സംഭവത്തിൽ ഡോക്ടർക്കെതിരെയും പുരുഷ നഴ്സിനെതിരെയും ചാവക്കാട് പോലീസ് കേസെടുത്തു. പലയൂർ നാലകത്ത് കാരക്കാട് ഷാഫിൽ അലിക്കുട്ടിയുടെ മകൻ മുഹമ്മദ്‌ ഗസ്സാലി (7) യുടെ കാലിനാണ് ചലന ശേഷി നഷ്ടപ്പെട്ടത്.

First Paragraph Rugmini Regency (working)

ഇക്കഴിഞ്ഞ ഒന്നാം തിയതി വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. തലവേദനയും ഛർദിയുമായി എത്തിയ കുട്ടിയെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ക്യാഷ്വാലിറ്റിയിൽ ഡ്യൂട്ടി ഡോക്ടറെ കാണിക്കുകയും ഡോക്ടർ വേദനക്കും ഛർദിക്കും ഇൻജെക്ഷൻ എഴുതി നൽകുകയും ചെയ്തു. അവിടെ ഉണ്ടായിരുന്ന നേഴ്സ് റൂമിലേക്ക് കൊണ്ടുപോയി ഇരു കൈകളിലും ഇൻജെക്ഷൻ ചെയ്യുകയും പിന്നീട് അരയിൽ ഇഞ്ചക്ഷൻ നൽകാൻ ശ്രമിച്ചപ്പോൾ കുട്ടി വിസമ്മതിക്കുകയും ചെയ്തു. ഇതോടെ ഇയാൾ മരുന്ന് നിറച്ച സിറിഞ്ചു ബെഡിലേക്ക് വലിച്ചെറിഞ്ഞു പോയതായി പറയുന്നു. പിന്നീട് കുട്ടിയുടെ മാതാവ് പിറകെ ചെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് തിരിച്ചെത്തിയ നഴ്സ് തീരെ അശ്രദ്ധയോടെയും ദേഷ്യത്തോടും കൂടി സിറിഞ്ചെടുത്ത് ആഞ്ഞു കുത്തുകയായിരുന്നുവത്രെ .

Second Paragraph  Amabdi Hadicrafts (working)

അപ്പോൾ തന്നെ കുട്ടിയുടെ കാൽ താഴെ ഉറപ്പിച്ചു വെക്കാൻ പറ്റാതെയായി. ഇടതു കാൽ പൂർണ്ണമായും വേദനയുള്ള അവസ്ഥയിലുമായി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ വിവരം ധരിപ്പിച്ചെങ്കിലും സംഭവം നിസ്സാരമായി കാണുകയും കയ്യിൽ പുരട്ടാൻ ഓയിന്റ്മെന്റ് നൽകി പറഞ്ഞയക്കുകയും ചെയതു.

കുട്ടിക്ക് നടക്കാൻ സാധിക്കാത്ത അവസ്ഥയിൽ എത്തിയതോടെ അധ്യാപികയായ മാതാവ് കോഴിക്കോടും കോട്ടക്കലിലുമുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി വിദഗ്ധരായ ഡോക്ടർമാരെ കാണിച്ചപ്പോൾ ഇഞ്ചക്ഷനെ തുടർന്ന് കുട്ടിയുടെ ഇടതു കാലിലെ പേശികൾക്ക്‌ ബലക്ഷയം സംഭവിച്ചതായും നാഡീ ഞരമ്പുകൾക്ക് ക്ഷതം പറ്റിയിട്ടുണ്ടെന്നും കണ്ടെത്തി. വർഷങ്ങൾ നീണ്ട ചികിത്സക്ക് ശേഷം ഫലം ഉണ്ടായേക്കാമെന്നാണ് ഡോക്ടർമാരുടെ വിദഗ്ധാഭിപ്രായം.

കാൽ പാദങ്ങൾ ചലിപ്പിക്കാൻ കഴിയാത്ത ഗസ്സാലിക്ക്‌ ഇപ്പോൾ നടക്കാൻ സാധിക്കില്ല. കാലിൽ കഠിനമായ വേദനയുമുണ്ട്. കഴിഞ്ഞ ഉപജില്ലാ കായികോത്സവത്തിൽ പങ്കെടുത്ത പാലയൂർ പള്ളി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ഗസ്സാലി ഇപ്പോൾ സ്കൂളിൽ പോകാൻ പറ്റാത്ത അവസ്ഥയിലാണ്.

ആശുപത്രി സൂപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫീസർ, ഗുരുവായൂർ എം എൽ എ, ആരോഗ്യ മന്ത്രി, ബാലാവകാശ കമ്മീഷൻ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ കളക്ടർ എന്നിവർക്കും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു.