സോളാര്‍, കേരളം കാതോര്‍ത്തിരുന്ന വിധി: കെ സുധാകരന്‍, മന്ത്രിസഭയിൽ എടുക്കരുത്: സതീശൻ

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍മന്ത്രി കെബി ഗണേഷ് കുമാര്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി സോളാര്‍ കേസിലെ ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ഹൈക്കോടതി വിധിയെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. കേരളം കാതോര്‍ത്തിരുന്ന വിധിയാണിതെന്നും കെ സുധാകരൻ വാർത്താ കുറിപ്പിൽ പറഞ്ഞു.

സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ നടത്തിയ മൃഗീയമായ സോളാര്‍ ഗൂഢാലോചനയിലെ കേന്ദ്രബിന്ദുവാണ് ഗണേഷ്‌കുമാറെന്ന് കെപിസിസി അഝ്യക്ഷൻ ആരോപിച്ചു. ഇതു സംബന്ധിച്ച് കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസില്‍ വിചാരണയില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ഗണേഷ്‌കുമാര്‍ ഹൈക്കോടതിയിലെത്തിയത്. ഹൈക്കോടതിയില്‍നിന്ന് കനത്ത തിരിച്ചടി കിട്ടിയെന്നു മാത്രമല്ല, ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിന് നീതി കിട്ടണമെങ്കില്‍ കേസ് മുന്നോട്ടു പോകണമെന്ന് ചൂണ്ടിക്കാട്ടുക കൂടി ചെയ്തു. നീണ്ടനാള്‍ വേട്ടയാടപ്പെട്ട ഉമ്മന്‍ ചാണ്ടിക്ക് നീതിയിലേക്കുള്ള കവാടം തുറന്നിട്ടതാണ് വിധിയെന്ന് സുധാകര്‍ അഭിപ്രായപ്പെട്ടു.

സ്വന്തം സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് കേരള രാഷ്ട്രീയത്തെ മലീമസമാക്കുകയും അതിന് ഉമ്മന്‍ ചാണ്ടിയെപ്പോലെയുള്ള നേതാവിനെ കരുവാക്കുകയും ചെയ്ത സാമൂഹികവിപത്താണ് ഗണേഷ്‌കുമാര്‍. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി നിരപരാധികളെ കണ്ണീര്‍ കുടിപ്പിച്ച ചരിത്രമാണ് ഇദ്ദേഹത്തിനുള്ളത്. സിപിഎം പോലുള്ള പാര്‍ട്ടിക്കുപോലും അപമാനമായി മാറിയ ഇദ്ദേഹത്തെയാണ് മന്ത്രിയാക്കാന്‍ പിണറായി വിജയന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന രീതിയല്‍ മാത്രമേ ഈ കൂട്ടുകെട്ടിനെ കാണാന്‍ കഴിയൂ. അല്പമെങ്കിലും നീതിബോധമോ, സാമൂഹിക ഉത്തരവാദിത്വമോ ഉണ്ടെങ്കില്‍ ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ എടുക്കരുതെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

കെ.ബി. ഗണേഷ് കുമാറിനെ ഒരു കാരണവശാലും ഇടത് മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ ഗണേഷ് കുമാർ നേരിടണം എന്നാണ് ഇന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ഉമ്മൻചാണ്ടിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഗണേഷ് കുമാറിനെ ഒരു കാരണവശാലും മന്ത്രിസഭയിൽ ഉൾപ്പെടുത്തരുത് എന്ന് മുഖ്യമന്ത്രിയോട് സതീശൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

സോളർ ഗൂഢാലോചന കേസിൽ കെ ബി ഗണേഷ് കുമാറിന് തിരിച്ചടിയായി പരാതിക്കാരിയുടെ കത്ത് തിരുത്തിയെന്ന കേസിൽ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിലെ തുടർ നടപടികൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഉമ്മൻചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കാൻ കേസ് മുന്നോട്ട് പോകേണ്ടതുണ്ടെന്നും കീഴ്കോടതി നടപടികളിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഗണേഷ് കുമാറിനെതിരെ ഉയർന്നിട്ടുള്ളത് ഗുരുതര ആരോപണങ്ങളാമെന്നും ഹൈക്കോടതി പറഞ്ഞു.