തൃശൂര്‍ മെഡിക്കല്‍ കോളേജ് കെഡാവർ ബാഗ് കൊള്ള , സി ബി ഐ അന്വേഷിക്കണം: അനിൽ അക്കര
തൃശൂർ: കൊവിഡ് കാലത്ത് തൃശൂര്‍ മെഡിക്കല്‍ കോളേജിൽ നടത്തിയ കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ എംപ്ലോയ്സ് സൊസൈറ്റി കെഡാവർ ബാഗിന് അധികം വാങ്ങിയത് 320 രൂപയാണ്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കോൺഗ്രസ് നേതാവ് അനിൽ അക്കര കത്തയച്ചു. മൃതശരീരം പാക്ക് ചെയ്യുന്ന കെഡാവര്‍ ബാഗു വാങ്ങുന്നതിന് ഇടത് അനുകൂല സര്‍വ്വീസ് സംഘടനാ നേതാക്കള്‍ നേതൃത്വം നല്‍കുന്ന തൃശൂര്‍ മെഡിക്കല്‍ കോളെജ് എംപ്ലോയ്സ് സഹകരണ സംഘം വഴി 31 ലക്ഷം തട്ടിയെന്നായിരുന്നു അനില്‍ അക്കരയുടെ ആരോപണം. ഇത് ശരിവയ്ക്കുന്ന തെളിവുകളാണ് പുറത്തുവന്നത്.
2021 മെയ് 13ന് കെഡാവർ ബാഗ് വാങ്ങുന്നതിന് നല്‍കിയ ഉത്തരവിലെ തുക ബാഗ് ഒന്നിന് വില 750 രൂപ മാത്രം. എന്നാൽ തൊട്ടടുത്ത ദിവസം ഓരോ ബാഗിനും 1070 രൂപ വെച്ച് എംപ്ലോയീസ് സൊസൈറ്റിക്ക് വിതരണ ഉത്തരവ് നൽകിയിരിക്കുന്നു. അതായത് ഒറ്റദിവസത്തെ വ്യത്യാസം 320 രൂപ. സൊസൈറ്റിയ്ക്ക് അന്ന് അധിക തുക നല്‍കി വാങ്ങിയിരിക്കുന്നത് 15 ബാഗുകളാണ്.സൊസൈറ്റിയില്‍ നിന്ന് കൂടിയ തുകയ്ക്ക് ബാഗു വാങ്ങുന്നതിന് ഒപ്പിട്ടിരിക്കുന്നത് എംപ്ലോയീസ് സൊസൈറ്റി പ്രസിഡൻ്റ് ആയിരുന്ന കെ.എസ്. ബിനോയിയാണ്.
ആ കാലഘട്ടത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിൻ്റെ കാര്യാലയത്തിൽ ജൂനിയർ സൂപ്രണ്ട് തസ്തിക കൈകാര്യം ചെയ്തിരുന്ന അധികാരത്തിലാണ് ഇത്തരത്തിൽ വിതരണ ഉത്തരവ് നൽകിയിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി തവണ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ഉയരുന്ന ആരോപണം. എന്‍എച്ച് ആര്‍എം ഫണ്ട് തട്ടിപ്പില്‍ ആരോഗ്യ മന്ത്രാലയത്തിനു പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര അന്വേഷണം ആവശ്യപ്പെട്ട് സിബിഐ ഡയറക്ടര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.