കെ എം ഷാജിയിൽ നിന്നും പിടിച്ചെടുത്ത 47 ലക്ഷം കരുവന്നൂരിൽ നിക്ഷേപിച്ചോ ? വിജിലൻസിനെ ട്രോളി യൂത്ത് കോൺഗ്രസ്
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത പണം കെ എം ഷാജിക്ക് വിട്ടുനൽകണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ വിജിലൻസിനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും രംഗത്ത്. മുസ്ലിം ലീഗ് നേതാവും മുൻ അഴിക്കോട് എം എൽ എയുമായ ഷാജിയിൽ നിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപ വിട്ടുനൽണമെന്ന് ഇന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
ഇതിന് പിന്നാലെയാണ് പരിഹാസവുമായി എം എൽ എയും യൂത്ത് കോൺഗ്രസ് അധ്യക്ഷനുമായ ഷാഫി പറമ്പിൽ രംഗത്തെത്തിയത്. ‘ആ പൈസയെങ്ങാനും അവമ്മാര് കരുവന്നൂരിൽ ഇട്ടു കാണോ എന്തോ?’ എന്നാണ് ഷാഫി ഫേസ്ബുക്കിൽ കുറിച്ചത്. ഇഞ്ചി വിറ്റിട്ടായാലും വേണ്ടില്ല എടുത്തോണ്ട് പോയ 47 ലക്ഷം തിരിച്ചെത്തിക്ക് വിജിലൻസേ എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്. മനസ്സിലായോ സാറുമ്മാരെ….! ഫേക്ക് പോരാളിയല്ല, ഒറിജിനൽ പോരാളിയാണ് ഷാജി എന്നും മാങ്കൂട്ടത്തിൽ കുറിപ്പിലൂടെ പറഞ്ഞു.
അതേസമയം കഴിഞ്ഞ വർഷം കണ്ണൂരിലെ വീട്ടിൽ നിന്ന് വിജിലൻസ് റെയ്ഡ് നടത്തി പിടിച്ചെടുത്ത 47,35,000 രൂപ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി സമർപ്പിച്ച ഹർജിയിലായിരുന്നു ഇന്ന് ഹൈക്കോടതി ഉത്തരവിട്ടത്. തെരഞ്ഞെ ടുപ്പ് പ്രവർത്തനത്തിനായി പിരിച്ച പണമാണ് വിജിലൻസ് കൊണ്ടുപോയതെന്നായിരുന്നു ഷാജിയുടെ വാദം. പണം വിട്ട് നൽകണമെന്ന കെ എം ഷാജിയുടെ ആവശ്യം നേരത്തെ കോഴിക്കോട് വിജിലൻസ് കോടതി തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് രസീതിൽ പിരിക്കാവുന്ന തുകയിൽ കൂടുതൽ പണം പല രസീതിലും കണ്ടെത്തിയതടക്കം സംശയാസ്പദമാണെന്ന് വിലയിരുത്തിയായിരുന്നു നടപടി.
കോഴിക്കോട് ഒന്നര കോടിരൂപയുടെ വീട് നിർമ്മിച്ചത് അനധികൃത സ്വത്ത് സമ്പാദനത്തിലൂടെയാണെന്ന സി പി എം പ്രവർത്തകൻ ഹരീഷിന്റെ് പരാതിയിലാണ് കെ എം ഷാജിയ്ക്കെതിരെ കേസെടുത്തത്. കേസിലെ തുടർനടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിജിലൻസ് പിടിച്ചെടുത്ത പണം കെ എം ഷാജിക്ക് വിട്ടുനൽകണമെന്ന് വിജിലൻസിനോട് ഹൈക്കോടതി നിർദ്ദേശിച്ചത്