ദേശീയപാത ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ കാന വൃത്തിയാക്കല്‍ സമരം
ചാവക്കാട്: ദേശീയപാത 66-ന്റെ ഭാഗമായ ചേറ്റുവ- ചാവക്കാട് റോഡിന്റെ കാന വൃത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍.എച്ച്. 66 ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച കാന വൃത്തിയാക്കല്‍ സമരം നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് പി.കെ.ഫസലുദ്ദീന്‍, ജനറല്‍ സെക്രട്ടറി പി.പി.അബൂബക്കര്‍ എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഏഴിന് ചാവക്കാട്- ചേറ്റുവ റോഡില്‍നിന്ന് വൃത്തിയാക്കല്‍ ആരംഭിക്കും.
തകര്‍ന്നുകിടന്നിരുന്ന റോഡിന്റെ അറ്റകുറ്റപണി ആരംഭിച്ചെങ്കിലും റോഡുപണി അശാസ്ത്രീയമായാണ് നടക്കുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. മഴ പെയ്താല്‍ ഇപ്പോഴും റോഡില്‍ വെള്ളക്കെട്ടാണ്. കുഴിയടക്കാന്‍ മുമ്പ് കൊണ്ടിട്ട സ്ലറി കാരണം റോഡ് ചളിക്കുളമാവുന്ന സ്ഥിതിയാണ്. റോഡിന്റെ ഇരുവശത്തുമുള്ള താമസക്കാര്‍ക്കും യാത്രക്കാര്‍ക്കും ഇത് ദുരിതമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
റോഡിന്റെ കാന വൃത്തിയാക്കുന്ന കാര്യത്തില്‍ അധികാരികളുടെ ഒരു ഇടപെടലും ഇതു വരെ ഉണ്ടായിട്ടില്ലെന്നും ഇതു കാരണം കാല്‍നടയാത്ര പോലും ദുഷ്‌ക്കരമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ചിലയിടത്ത് കാനയുടെ സ്ലാബുകള്‍ മാസങ്ങളായി കാനയില്‍ വീണുകിടക്കുന്നതിനാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ ഭീതിയോടെയാണ് റോഡിലൂടെ നടക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. മറ്റ് ഭാരവാഹികളായ പി.എം. യഹിയ, ഇ.കെ. അബ്ദുള്‍ റസാഖ്, ഫൈസല്‍ ഉസ്മാന്‍ എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു