Header 1 = sarovaram
Above Pot

വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്

തിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘ജീവിതം ഒരു പെന്‍ഡുല’മാണ് പുരസ്‌കാരത്തിനര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവുമടങ്ങുന്ന പുരസ്‌കാരം ഈ മാസം 27ന് സമ്മാനിക്കും.

വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാര വിവരം പ്രഖ്യാപിച്ചത്. കഴിഞ്ഞ അരനൂറ്റാണ്ടായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ശ്രീകുമാരന്‍ തമ്പി. ഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 30 സിനിമകള്‍ സംവിധാനം ചെയ്യുകയും 22 സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.

Astrologer

1971 ലും 2011 ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം നേടി. ‘സിനിമ: കണക്കും കവിതയും’ എന്ന പുസ്തകം മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത; 1981 ല്‍ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി. നാടകഗാന രചന, ലളിത സംഗീതം എന്നീ മേഖലകളിലെ സമഗ്രസംഭാവനക്കുള്ള കേരളസംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം 2015 ല്‍ ലഭിച്ചു. 2018 ല്‍മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്‌ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരവും ലഭിച്ചു.

മധു, ശാരദ എന്നിവർ പ്രധാന കഥാപാത്രങ്ങളായി 2015ൽ പുറത്തിറങ്ങിയ ‘അമ്മയ്‌ക്കൊരു താരാട്ട്’ ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത അവസാന സിനിമ.

അതെ സമയം വയലാര്‍ അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ കടുത്ത പ്രതികരണവുമായി കവി ശ്രീകുമാരന്‍ തമ്പി രംഗത്ത് എത്തി . യഥാര്‍ത്ഥ പ്രതിഭയെ തോല്‍പ്പിക്കാനാവില്ലെന്ന് ശ്രീകുമാരന്‍ തമ്പി മാധ്യമങ്ങളോട് പ്രതികരിച്ചു.

നാല് തവണ വയലാര്‍ അവാര്‍ഡിന് തന്നെ തെരഞ്ഞെടുത്തതാണ്. തനിക്കാണ് അവാര്‍ഡെന്ന് ട്രസ്റ്റ് സെക്രട്ടറി വിളിച്ചു പറയുകയും ചെയ്തു. പിന്നീട് മനപ്പൂര്‍വം ഒഴിവാക്കി. പിറ്റേന്ന് വിളിച്ച് ചില പ്രശ്‌നങ്ങളുണ്ട്. അടുത്ത തവണ തരുമെന്ന് പറഞ്ഞുവെന്നും ശ്രീകുമാരന്‍ തമ്പി വെളിപ്പെടുത്തി. കായംകുളത്ത് പ്രഥമ രാജരാജവര്‍മ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയപ്പോഴായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം.

മുപ്പത്തൊന്നാം വയസ്സില്‍ തനിക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടേണ്ടതായിരുന്നു. അന്ന് ഒരു മഹാകവി ഇടപെട്ട് തന്റെ പേര് വെട്ടി. അവന്‍ മലയാളത്തിലെ മുഴുവന്‍ അക്ഷരവും പഠിക്കട്ടെ എന്നാണ് അന്ന് പറഞ്ഞത്. മുഴുവന്‍ അക്ഷരവും പഠിക്കാത്ത ഞാന്‍ പിന്നീട് ആ മഹാകവിയെക്കാള്‍ ഗാനങ്ങളെഴുതി. എന്നെങ്കിലും സത്യം വിജയിക്കുമെന്ന് തെളിഞ്ഞുവെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു. എന്നെ സംബന്ധിച്ചിടത്തോളം ഈ അവാര്‍ഡ് കിട്ടിയില്ലെങ്കിലും ശ്രീകുമാരന്‍ തമ്പിക്കൊപ്പം ജനങ്ങളുണ്ട്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഞാന്‍ ആരാണെന്ന് ജനങ്ങളാണ് തിരുമാനിക്കുന്നത് അവാര്‍ഡുകളല്ല. എന്റെ കവിത എന്താണ്, പാട്ടുകളെന്താണ്, ആത്മകഥ എന്താണെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. എല്ലാത്തിനും സാക്ഷി കാലമാണ്. എന്നോടൊപ്പം ജനങ്ങളും എന്റെ പാട്ടുകളും ഉണ്ട്. ഇപ്പോള്‍ എന്നെ ഒഴിവാക്കാന്‍ കഴിയാത്തതിനാലാണ് അവാര്‍ഡ് ലഭിച്ചത്. യഥാര്‍ത്ഥ പ്രതിഭയെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു

Vadasheri Footer