ഇസ്രായേൽ അതിശക്തമായ പ്രത്യാക്രമണം ആരംഭിച്ചു .
ജറുസലേം: ഹമാസിൻ്റെ ആക്രമണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രായേൽ തുടരുന്നത് അതിശക്തമായ പ്രത്യാക്രമണം. ഇസ്രായേലിൻ്റെ ആക്രമണത്തിൽ ഇതുവരെ ഇരുനൂറിലധികം പലസ്തീൻകാർ കൊല്ലപ്പെട്ടതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1600ൽ അധികം പേർക്ക് പരിക്കേറ്റു. 14 ഇടങ്ങളിൽ ഏറ്റുമുട്ടൽ ആരംഭിച്ചതായി ഇസ്രായേൽ വ്യക്തമാക്കിയിരുന്നു ‘ഓപ്പറേഷൻ അയേൺ സ്വോർഡ്‌സ്’ എന്ന പേരിലാണ് ഇസ്രായേൽ തിരിച്ചടി ആരംഭിച്ചിരിക്കുന്നത്.
ഗാസയിൽ കുറഞ്ഞത് 198 പേർ മരിച്ചതായാണ് സ്ഥിരീകരണം. ഇസ്രായേൽ വ്യോമാക്രമണം തുടരുന്നതിനാലും പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാലും മരണസംഖ്യ ഉയർന്നേക്കും. ശക്തമായ ആക്രമണത്തിൽ ഹമാസിൻ്റെ 17 കേന്ദ്രങ്ങൾ തകർന്നു. ഗാസയിലെ പൊതു ഇടങ്ങളും ജനവാസ കേന്ദ്രങ്ങളും ആക്രമണത്തിൽ തകർന്നു ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇസ്രായേൽ ആക്രമണം ആരംഭിച്ചത്. ജനങ്ങൾ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രിമാർ യുദ്ധസംബന്ധമായ പ്രസ്താവനകൾ നടത്താൻ പാടില്ലെന്നും നെതന്യാഹു പറഞ്ഞു
രാജ്യത്ത് അതിക്രമിച്ച് കയറി നടത്തിയ ആക്രമണത്തിന് ശക്തമായ മറുപടി നൽകാനാണ് ഇസ്രായേൽ ഭരണകൂടത്തിൻ്റെ തീരുമാനം. ലോകരാജ്യങ്ങളുടെ പിന്തുണ ലഭിച്ചത് ഇസ്രായേലിൻ്റെ സൈനിക നീക്കം ശക്തമാക്കും. ഹമാസ് തീവ്രവാദികൾ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ നൂറോളം ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. യുദ്ധവിമാനങ്ങളും ഇസ്രായേൽ ഉപയോഗിക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഗാസാ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുദ്ധവിമാനം പുറപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചിരുന്നു
നുഴഞ്ഞുകയറിയ ആയുധധാരികളായ ഹമാസ് തീവ്രവാദികളും ഇസ്രായേൽ പോലീസും സൈന്യവും തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടൽ തുടരുകയാണ്. മുതിർന്ന ഉദ്യോഗസ്ഥരെയും സാധാരണക്കാരെയും ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. ഇവരിൽ പലരെയും ഗാസയിലേക്ക് കടത്തിക്കൊണ്ട് പോയതായി വാർത്തകൾ പുറത്തുവരുന്നുണ്ട്. ഒരു ഇസ്രായേൽ സൈനികൻ്റെ മൃതദേഹത്തോട് അനാദരവ് കാട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു