വിവാഹ വാഗ്ദാനം നൽകി പീഡനം, ബസ് ഡ്രൈവര്‍ക്ക് അഞ്ചുവര്‍ഷം തടവ്
ഗുരുവായൂർ : വിവാഹ വാഗ്ദാനം നൽകി പട്ടികജാതിക്കാരിയായ 17 വയസ്സുകാരിയെ പീഡിപ്പിക്കുകയും സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കുകയും, ചെയ്ത സംഭവത്തില്‍ ബസ് ഡ്രൈവർക്ക് അഞ്ചു വര്‍ഷം തടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഗുരുവായൂർ കോട്ടപ്പടി പോലിയത്ത് വീട്ടില്‍ സുധീഷിനെ (35) യാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജ് എസ് ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
2018 ലാണ് പ്രായപൂര്‍ത്തിയാവാത്ത പട്ടിക ജാതിക്കാരിയായ പെണ്‍കുട്ടിയെ പ്രതി വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയും സ്വാര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്തത്. പീഡനത്തിന് ഇരയായ അതിജീവതയുടെ മൊഴി ഗുരുവായൂര്‍ പോലീസ് ഇന്‍സ്പെക്ടരായിരുന്ന ഇ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ രേഖപ്പെടുത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. പിന്നീട് കുന്നംകുളം പോലീസ് സബ് ഇന്‍സ്പെക്ടര്‍ യു.കെ.ഷാജഹാന്‍ ഈ കേസ് റീരജിസ്റ്റര്‍ ചെയ്യുകയും, എസിപി മാരായ പി.എ. ശിവദാസന്‍, പി. വിശ്വംഭരന്‍, റ്റി.എസ്. സിനോജ് എന്നിവര്‍ അന്വേഷണം നടത്തിയിരുന്നു.
റ്റി.എസ്. സിനോജ് ആണ് കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. 32 സാക്ഷികളെ വിസ്ത്തരിക്കുകയും 15 രേഖകളും , തൊണ്ടിമുതലും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു. പ്രോസിക്യുഷനുവേണ്ടി അഡ്വ.കെ എസ് ബിനോയിയും പ്രോസിക്യുഷനെ സഹായിക്കുന്നതിനായി അഡ്വ. അമൃത ,അഡ്വ. അനുഷ, കുന്നംകുളം പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍, രമ്യയും, സിവില്‍ പോലീസ് ഓഫീസര്‍ പ്രശോബ് എന്നിവര്‍ പ്രവര്‍ത്തിച്ചിരുന്നു