തനിക്ക് വിറയൽ ഉണ്ടെന്ന് എം.കെ. കണ്ണൻ,ഇ ഡി ചോദ്യം ചെയ്യൽ നിർത്തിവെച്ചു
കൊച്ചി : തനിക്ക് വിറയൽ ഉണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ഇഡിയോട് സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണൻ. വിറയൽ ഉണ്ടെന്ന് പറഞ്ഞ് കണ്ണൻ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് ഇഡി പറഞ്ഞു. അതിനാൽ ചോദ്യം ചെയ്യൽ നിർത്തിവെച്ചു. ഇന്ന് രാവിലെയാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഇഡി രണ്ടാം വട്ടവും ചോദ്യം ചെയ്യാനായി എം.കെ. കണ്ണനെ വിളിച്ചുവരുത്തിയത്.
അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹം നിലനിൽക്കെ രാവിലെ തൃശൂർ രാമനിലയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ശേഷമാണ് എം.കെ കണ്ണൻ കൊച്ചിയിലെത്തിയത്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സമാഹരിച്ച അന്‍പതു കോടി രൂപ കരുവന്നൂരില്‍ എത്തിക്കാനുള്ള നിയമകുരുക്ക് മറികടക്കാന്‍ ഇടപെടണമെന്നാവശ്യവുമായായിരുന്നു കൂടിക്കാഴ്ച. പതിനൊന്ന് മണിയോടെ അഭിഭാഷകയോടൊപ്പം കണ്ണൻ ഇഡി ഓഫീസിെലത്തി.
12 മണിയോട് കണ്ണന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചു. മൂന്നേകാലോടെ അപ്രതീക്ഷിതമായി കണ്ണൻ ഓഫീസിന് പുറത്തേക്ക്. ചോദ്യങ്ങളോട് സഹകരിക്കാതിരുന്ന കണ്ണനെ മറ്റ് വഴികളില്ലാത്തതിനാൽ വിട്ടയച്ചതാണെന്ന് ഇഡി വ്യക്തമാക്കി. സതീഷ്കുമാറിന്റെ കള്ളപ്പണയിടപാടിൽ കണ്ണന്റെ പങ്ക് സംബന്ധിച്ച് കൃത്യമായ തെളിവുകളുണ്ടെന്ന് ആവർത്തിച്ച ഇഡി കണ്ണനെ അന്വേഷണ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. ഇഡിയുടെ വാദങ്ങൾ തള്ളിയ കണ്ണൻ എല്ലാം പറഞ്ഞിട്ടുണ്ടെന്ന് പ്രതികരിച്ചു. അന്വേഷണത്തോട് കണ്ണന്റെ നിസഹകരണം തുടർന്നാൽ അറസ്റ്റിനൊരുങ്ങുകയാണ് ഇഡി.
കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ എ.എസി. മൊയ്തീന് ശേഷം ഇഡി ചോദ്യം ചെയ്യുന്ന രണ്ടാമത്തെ സിപിഎം സംസ്ഥാന നേതാവാണ് എം.കെ കണ്ണൻ. നിരവധി പ്രാദേശിക നേതാക്കളെ ഇഡി ചോദ്യം ചെയ്തിരുന്നു. കേസിൽ സിപിഎം നേതാവായ അരവിന്ദാക്ഷന്റെ അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്.