Header 1 = sarovaram
Above Pot

ഗുരുവായൂർ മേൽപ്പാലത്തിന് കീഴിൽ വാഹന ങ്ങൾക്ക് പാർക്കിങ് സൗകര്യം

ഗുരുവായൂർ : റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തീകരിക്കുന്നതോടൊപ്പം വിപുലമായ വാഹന പാർക്കിങ് സൗകര്യവും സൗന്ദര്യവത്കരണവും ഒരുക്കും. റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എയുടെ അധ്യക്ഷയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. മേൽപ്പാലത്തിനു താഴെ 14,000 സ്ക്വയർ ഫീറ്റ് സ്ഥലത്താണ് കാറുകൾ, ബൈക്കുകൾ, ചെറിയ വാഹനങ്ങൾ എന്നിവ പാർക്ക് ചെയ്യുന്നതിന് സൗകര്യം ഒരുക്കുന്നത്. ഇതോടെ നഗരത്തിലും ക്ഷേത്രത്തിലും എത്തുന്ന ജനങ്ങൾക്ക് വാഹന പാർക്കിങ്ങ് പ്രശ്നം പരിഹരിക്കാൻ കഴിയും.

മേൽപ്പാലത്തിനു താഴെയുള്ള പാർക്കിങ്ങ് സ്ഥലം ടൈൽ വിരിച്ച് മനോഹരമാക്കും. മേൽപ്പാലത്തിന് മുകളിൽ 25 സോളാർ സ്ട്രീറ്റ് ലൈറ്റും സ്ഥാപിക്കും.മേൽപ്പാലം നിർമ്മാണത്തിനു ശേഷമുള്ള പെയ്ന്റിങ്ങ്, സൗന്ദര്യവത്കരണം എന്നിവ നടത്തുന്നതു സംബന്ധിച്ച വിശദാംശങ്ങൾ അടുത്ത യോഗത്തിൽ അറിയിക്കണമെന്ന് എംഎൽഎ ആർബിഡിസികെ അധികൃതർക്ക് നിർദ്ദേശം നൽകി.

Astrologer

റെയിൽവേ മേൽപ്പാല നിർമ്മാണ അവലോകനയോഗം എല്ലാ ആഴ്ചകളിലും നടത്താനും യോഗത്തിൽ തീരുമാനിച്ചു. കലണ്ടർ പ്രകാരമുള്ള പ്രവൃത്തി ഇതനുസരിച്ച് നടത്തണമെന്നും എം എൽ എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മേൽപ്പാല നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്ന് നൽകാൻ വേണ്ട വിധത്തിൽ പണി ദ്രുതഗതിയിലാക്കണമെന്നും നിർമ്മാണ ഏജൻസി അതിനാവശ്യമായ തൊഴിലാളികളെയും മെറ്റീരിയൽസും ഉറപ്പാക്കണമെന്നും എംഎൽഎ നിർദ്ദേശിച്ചു.മേൽപ്പാലത്തിന്റെ കിഴക്ക് ഭാഗത്തുള്ള എ വൺ സൈഡ് സെപ്റ്റംബർ 18 നകം കോൺക്രീറ്റ് ചെയ്യുമെന്ന് കരാറുകാർ യോഗത്തെ അറിയിച്ചു. കിഴക്ക് വശത്തെ ഫുട്പാത്തിന്റെ കൈവരി കെട്ടുന്ന പ്രവൃത്തിയും 18 നകം പൂർത്തീകരിക്കും.

പൊതു മരാമത്ത് വകുപ്പിന്റെ കാന അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി സർവ്വീസ് റോഡിൽ കെട്ടി കിടക്കുന്ന മലിന ജലം ഒഴിവാക്കുന്നതിന് ഉടൻ പരിഹാരം കാണണമെന്ന് നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് ആവശ്യപ്പെട്ടു.സെപ്റ്റംബർ 30 നകം മേൽപ്പാലം നിർമ്മാണം പൂർത്തീകരിക്കാനുള്ള നടപടി കരാർ കമ്പിനിയുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് എംഎൽഎ ആവർത്തിച്ചു.

തിരുവെങ്കിടം റെയിൽവേ അടിപ്പാത നിർമ്മാണത്തിനായി ഗുരുവായൂർ ദേവസ്വം സ്ഥലം വിട്ടു നൽകുന്നത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് നഗരസഭയ്ക്ക് ഉടൻ കൈമാറണമെന്ന് എംഎൽഎ ദേവസ്വം സെക്രട്ടറിക്ക് നിർദേശം നൽകി. റെയിൽവേ മേൽപ്പാല അവലോകന യോഗം സെപ്റ്റംബർ 18 ന് ചേരാനും തീരുമാനിച്ചു.

ഗുരുവായൂർ നഗരസഭാ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, സെക്രട്ടറി, എച്ച് അഭിലാഷ്, നഗരസഭ എഞ്ചിനീയര്‍ ഇ ലീല,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Vadasheri Footer