ശ്രീ ചിത്ര ആയുർവേദയുടെ സ്ഥാപക ദിനാഘോഷം, സൗജന്യ ചികിത്സയോടെ
ചാവക്കാട് : ശ്രീചിത്ര ആയുർവേദയുടെ മുപ്പത്തിമൂന്നാം സ്ഥാപക ദിനം സെപ്റ്റംബർ മൂന്നിന് ഞായറാഴ്ച ആഘോഷിക്കും. സ്ഥാപക ദിനത്തോടനുബന്ധിച്ച് മണത്തല ശ്രീചിത്ര ആയുർവേദ നഴ്സിങ് ഹോമിൽ എല്ലാ ബുധനാഴ്ചകളിലും രാവിലെ പത്തുമണി മുതൽ ഒരു മണിവരെ സൗജന്യ മരുന്ന് വിതരണവും ചികിത്സയും ഉണ്ടാകുമെന്ന് ചെയർമാൻ ഡോ പി വി മധുസൂദനൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഈ ദിവസങ്ങളിൽ നാലു ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തും. മാസത്തിലൊരിക്കൽ സമീപ പ്രദേശങ്ങളിലെ അഗതി മന്ദിരങ്ങളിൽ നേരിട്ടത്തി സൗജന്യ പരിശോധനയും മരുന്നും നൽകുമെന്നും അദ്ദേഹം പറഞ്ഞു
ശ്രീചിത്ര ആയുർവേദ സ്ഥാപക ദിന ആഘോഷങ്ങൾ സെപ്റ്റംബർ മൂന്നിന് ഞായറാഴ്ച 9.30 ന് മണത്തല ദ്വാരക ബീച്ച് ആയുർ യോഗ തീരത്ത് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിക്കും. ശ്രീചിത്രയുടെ പുതിയ സംരംഭമായ “ആയൂർ ആംസ് വെൽനെസ്” സർവീസ് മുൻ എം പി എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.
സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി അഖിലേന്ത്യാ തലത്തിൽ സംഘടിപ്പിച്ച ക്വിസ്, ആയുർവേദ പ്രബന്ധ മത്സരങ്ങളിലെ വിജയികൾക്ക് മുൻ എം എൽ എ കെ വി അബ്ദുൽ ഖാദർ സമ്മാനങ്ങൾ വിതരണം ചെയ്യും.
വിവിധ മേഖലകളിലെ കഴിവുകളെ പരിഗണിച്ച് തിരുവത്ര ശ്രീ വിദ്യാനികേതൻ സ്കൂളിലെ വിദ്യാർത്ഥി കെ വി ആദിത്യയെ ചടങ്ങിൽ അനുമോദിക്കും.
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
തുടർന്ന് മൂന്നു സെഷനുകളിലായി നടക്കുന്ന ആയുർവേദ സെമിനാറിൽ പ്രഗല്ഭ ആയുർവേദ വിചക്ഷണർ പങ്കെടുത്ത് വിഷയങ്ങൾ അവതരിപ്പിക്കും.ശ്രീചിത്ര ആയുർവേദ ഡയറക്ടർ ഭരദ്വാജ് മധുസൂദനൻ, മാനേജർമാരായ രാജൻ മാക്കൽ, ശ്രീജിത്ത് എടാട്ട് എന്നി വരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.