ഷാജന്‍ സ്‌കറിയ്‌ക്ക് മുന്‍കൂര്‍ ജാമ്യം
കൊച്ചി : വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന കേസില്‍ ഓണ്‍ലൈന്‍ മാധ്യമം മറുനാടന്‍ മലയാളിയുടെ ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ്‌ക്ക് കോടതിയുടെ മുന്‍കൂര്‍ ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളേജ് സി.ഐക്ക് മുന്നില്‍ അടുത്ത മാസം ഒന്നിനും രണ്ടിനും ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്താണ് കളമശ്ശേരി പോലീസ് ഷാജനെ അറസ്റ്റ് ചെയ്തത്
തെളിവ് ശേഖരണത്തിനായി ഷാജന്‍ സ്‌കറിയയെ അന്വേഷണ ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യാമെങ്കിലും 50,000 രൂപയുടെ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് കേസ് പരിഗണിച്ചത്. പൊലീസിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ജാമ്യം അനുവദിച്ചത്. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താലെ വ്യാജ വാര്‍ത്തയുടെ ഉറവിടം കണ്ടെത്താനാകൂ എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.. തുടര്‍ന്നാണ് ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.
സത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ, നീതിപീഠം തനിക്കൊപ്പമുണ്ടെന്ന് ഷാജന്‍ സ്‌കറിയ പറഞ്ഞു. കേസിൽ ജാമ്യം കിട്ടിയ ശേഷം കളമശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘യാതൊരു പരിചയവും ബന്ധവുമില്ലാത്ത കേസാണ്. ഏതോ വ്യാജ രേഖ ഉണ്ടാക്കിയെന്ന് ആരോ ഒരാൾ പരാതി നൽകിയെന്ന്. ആ പരാതിയുടെ പേരിൽ പൊലീസ് എഫ്‌ഐആർ ഇട്ടു. വാർത്തയുമായി ബന്ധപ്പെട്ടല്ല, എന്നാൽ പോലും, ഇനിയുമുണ്ട്, തിരുവനന്തപുരം സൈബർ പൊലീസിൽ ഒരുകേസുണ്ട്.
ഇതുവരെ എടുത്ത ഒരുകേസും നിലനിൽക്കുന്നതല്ല. ഇന്നെന്നെ നിലമ്പൂരിൽ നിന്ന് ഇവിടെ കൊണ്ടുവരുന്നു. കൊണ്ടുവന്നിട്ട് മെഡിക്കൽ ടെസ്റ്റ് എടുക്കാൻ കൊണ്ടുപോകുന്നു, തിരിച്ചിവിടെ കൊണ്ടുവരുന്നു..അപ്പോഴേക്കും കോടതി വിധി വന്നു. അപ്പോൾ എന്നെ വിടാം. പക്ഷേ മോളീന്ന് പറഞ്ഞാൽ മാത്രമേ വിടൂ. ഒരുകാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. നമ്മൾ സത്യത്തിന് വേണ്ടി പോരാടുമ്പോൾ, നീതി പീഠം നമ്മളെ കൈവിടില്ല, നീതി പീഠം, നമ്മോടൊപ്പമുണ്ടാകും, നമുക്ക് ഭയപ്പെടേണ്ട കാര്യമില്ല. ഈ തിരഞ്ഞെടുപ്പ് കാലത്ത് ഇതൊക്കെ ചെയ്യുന്നത് എന്നെ അദ്ഭുതപ്പെടുത്തുകയാണ്. എന്തായാലം സത്യത്തിന്റെ വിജയമാണ് മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഷാജൻ സ്‌കറിയയെ കളമശേരി സ്‌റ്റേഷനിൽ നിന്നും പുറത്തുവിട്ടത്. ഇന്നുതന്നെ ജാമ്യം നൽകണമെന്ന് അഡീഷണൽ സെഷൻസ് കോടതി വ്യക്തമായി പറഞ്ഞിട്ടും, വിടുതൽ പരമാവധി താമസിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ആരോപണമുണ്ട്.
മാധ്യമപ്രവർത്തകർ അടക്കം വൻജനാവലി സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയെങ്കിലും, ആരെയും അകത്തേക്ക് കടത്തിവിടാനോ, സംസാരിക്കാനോ അനുവദിക്കാതെയായിരുന്നു പൊലീസ് നടപടി. സ്റ്റേഷന്റെ ഗ്രിൽ അടച്ചിട്ടിരിക്കുകയായിരുന്നു. ഷാജൻ സ്‌കറിയ അകത്തുണ്ടോ ഇല്ലയോ എന്നുപോലും വ്യക്തമാക്കാൻ പൊലീസ് സന്നദ്ധരായില്ല. ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഒഴിഞ്ഞുമാറി