കെ എസ് ആർ ടി സി യിലെ ശമ്പള പ്രതിസന്ധി , ഭരണ പ്രതിപക്ഷ യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കെ എസ് ആർ ടി സി യിലെ ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 26ന് പണിമുടക്ക് പ്രഖ്യാപിച്ച് ഭരണ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ. ജൂലൈ മാസത്തിലെ ശമ്പളവും കുടിശികയായതിന് പിന്നാലെയാണ് ഓണത്തിന് തൊട്ട് മുൻപുള്ള വാരം യൂണിയനുകൾ പണിമുടക്കുന്നത്. സിഐടിയുവിനൊപ്പം കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും പണിമുടക്കിൽ പങ്കെടുക്കും.
ശമ്പളവും ഓണം ആനുകൂല്യങ്ങളും നൽകുക, അനാവശ്യ പിഴയീടാക്കൽ അവസാനിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. സഹകരിക്കുന്ന മുഴുവൻ യൂണിയനുകളേയും പണിമുടക്കിൽ അണിനിരത്താൻ ആണ് തീരുമാനം. ആദ്യ ഗഡു ശമ്പളം വരുമാനത്തിൽ നിന്നും രണ്ടാമത്തേത് സർക്കാർ സഹായത്തോടെയും എന്ന നിലയിലാണ് മാസങ്ങളായി കെഎസ്ആർടിസിയിൽ ശമ്പള വിതരണം. ഇപ്പോൾ ആദ്യ ഗഡു നൽകാനും സർക്കാർ സഹായം വേണമെന്ന കോർപ്പറേഷന്റേയും ഗതാഗതവകുപ്പിന്റേയും നിലപാടിൽ ധനവകുപ്പിന് അമർഷം ഉണ്ട്. പ്രതിസന്ധിക്ക് കാരണം ധനവകുപ്പാണെന്ന മട്ടിൽ ഗതാഗത മന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു.
അതേസമയം കഠിനാദ്ധ്വാനം ചെയ്തിട്ടും ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തത് ദയനീയമാണെന്ന് വിഷയത്തിൽ ജീവനക്കാരുടെ ഹർജി പരിഗണിക്കവേ ഹൈക്കോടതി പറഞ്ഞിരുന്നു. സർക്കാർ ശമ്പള വിതരണത്തിനായി അനുവദിച്ച മുപ്പതു കോടിയെക്കുറിച്ച് കെ.എസ്.ആർ.ടി.സി അഭിഭാഷക കോടതിയിൽ വിശദീകരിച്ചു. ഈ തുക ശമ്പളം നൽകാൻ വിനിയോഗിക്കണമെന്ന് കോടതി പറഞ്ഞു.
ജീവനക്കാർ നന്നായി ജോലിചെയ്തിട്ടും മാസം 220 കോടിയിലേറെ രൂപ വരുമാനം ഉണ്ടാക്കിയിട്ടും ഈ സ്ഥിതിയുടെ കാരണം മനസിലാകുന്നില്ല. എല്ലാമാസവും പത്താം തീയതിക്കകം ശമ്പളം നൽകണമെന്ന ഉത്തരവിന് വിരുദ്ധമാണിത്. ബാദ്ധ്യത പൂർണമായി ഏറ്റെടുക്കാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ എത്രനാൾ ഇങ്ങനെ പോകും? കോടതി പലനിർദ്ദേശങ്ങളും നൽകി. അവയെല്ലാം ബധിരകർണങ്ങളിലാണ് പതിക്കുന്നത്. – ഹൈക്കോടതി വ്യക്തമാക്കി.