ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌ക്കാരം, സദനം വാസുദേവന്
ഗുരുവായൂര്‍: ഈ വര്‍ഷത്തെ ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌ക്കാരം, സദനം വാസുദേവന് നല്‍കി ആദരിയ്ക്കുമെന്ന് ചിങ്ങമഹോത്സവ സംഘം ഭാരവാഹികളായ അഡ്വ: രവി ചങ്കത്ത്, കെ.ടി. ശിവരാമന്‍ നായര്‍, ബാലന്‍ വാറണാട്ട്, അനില്‍ കല്ലാറ്റ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10,001-രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌ക്കാരം.
ഏഴുപതിറ്റാണ്ടിലേറെ കാലമായി വാദ്യ സപര്യ പ്രകടമാക്കിയ അസാമാന്യ വാദ്യ കലാകാരനാണ് സദനം വാസുദേവന്‍. വാദ്യ രംഗത്തെ കുലപതിയായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ ഗുരുനാഥനായ ഇദ്ദേഹം, വാദ്യകല ആദ്ധ്യാപകനായി മൂന്ന് പതിറ്റാണ്ടോളം വാദ്യകല ഒട്ടനവധി പേര്‍ക്ക് പകര്‍ന്നുനല്‍കിയതിലൂടെ വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമ കൂടിയാണ്. കഴിഞ്ഞ 15-വര്‍ഷമായി ചിങ്ങമഹോത്സവ സംഘം നല്‍കി വരുന്ന പുരസ്‌ക്കാരത്തിന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, പെരുവനം കുട്ടി മാരാര്‍, കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍, കിഴക്കൂട്ട് അനിയന്‍ മാരാര്‍, കേളത്ത് അരവിന്ദാക്ഷ മാരാര്‍, ഗുരുവായൂര്‍ ശിവരാമന്‍, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, പെരിങ്ങോട് ചന്ദ്രന്‍ തുടങ്ങിയ പ്രഗഗ്ഭരുടെ നിരതന്നേയുണ്ട്.
ചിങ്ങം ഒന്നിന് ഉച്ചയ്ക്ക് മൂന്നിന് ഗുരുവായൂര്‍ ജയപ്രകാശിന്റെ മേളപ്രമാണത്തില്‍ നൂറ്റമ്പതില്‍പരം വാദ്യ കലാകാരന്മാര്‍ അണിനിരക്കുന്ന മജ്ഞുലാല്‍ തറ മേളത്തിനുശേഷം, മജ്ഞുളാല്‍ പരിസരത്ത് ചേരുന്ന പ്രൗഢ ഗംഭീരമായ വേദിയില്‍വെച്ച് പുരസ്‌ക്കാരം സമ്മാനിക്കും . ശ്രീധരൻ മാമ്പുഴ, ശശി കേനാടത്ത്, മുരളി അകമ്പടി, രവീന്ദ്രൻ വട്ടരങ്ങത്ത് ,ടി.ദാക്ഷായിണി, കോമളം നേശ്യാർ ഇ.കെ.ദിവാകരൻ, കെ. കാർത്തികഎന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു