കുഞ്ഞൻ മത്തിയെ പിടിച്ച വള്ളം ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു.
ചാവക്കാട് : മത്തി കുഞ്ഞുങ്ങളെ പിടിച്ച മത്സ്യബന്ധന വള്ളം ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു . മുനക്കകടവ്- ചേറ്റുവ അഴിമുഖത്തിന് വടക്ക് പടിഞാറ് ഭാഗത്ത് കുഞ്ഞു മത്സ്യങ്ങളെ പിടിച്ച മത്സ്യബന്ധന വള്ളമാണ് ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടിയത് . അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ മത്സ്യബന്ധനത്തിന് പോയ
അണ്ടത്തോട് സ്വദേശി അലിയുടെ ഉടമസ്ഥതയിലുള്ള അലിഫ് എന്ന വള്ളമാണ് ഫിഷറീസ് – മറൈൻ എൻഫോഴ്മെൻറ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
10 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള 350 കിലോ കുഞ്ഞൻ ചാളയാണ് വള്ളത്തിലുണ്ടായിരുന്നത്. ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ച് വരുന്നതിനിടയിലാണ് വള്ളം പിടികൂടിയത്. തൃശ്ശൂർ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് പിഴ സർക്കാരിലേക്ക് ഈടാക്കും. ചെറുമത്സ്യങ്ങളെ പിന്നീട് പുറം കടലിൽ നിക്ഷേപിച്ചു.
അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം എൻ സുലേഖയുടെ നേതൃത്വത്തിൽ ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ്, മറൈൻ എൻഫോഴ്സ്മെൻ്റ്, അഴീക്കോട് മുനക്കടവ് കോസ്റ്റൽ പോലീസ് എന്നിവരുടെ സംയുക്ത പട്രോളിങ്ങിലാണ് വള്ളം പിടിച്ചെടുത്തത്. തൃശ്ശൂർ എഫ്. ഇ. ഒ. മനോജ് സി. കെ, മറൈൻ എൻഫോഴ്സ് ഓഫീസർമാരായ പ്രശാന്ത് കുമാർ വി. എൻ, ഷിനിൽകുമർ ഇ. ആർ, മുനയ്ക്കടവ് കോസ്റ്റൽ സി .പി. ഒ മാരായ വികാസ്, നിബിൻ, ലൈഫ് ഗാർഡുമാരായ കൃഷ്ണപ്രസാദ് കെ. എസ്, വിപിൻ വി. എ, ഹുസൈൻ. വി. എം, നിഷാദ്. പി. എം, ഡ്രൈവർ അഷറഫ്. കെ. എം, ബോട്ടിലെ സ്രാങ്കുമാരായ റസാക്ക്. പി. എം, റഷീദ്. പി. എം എന്നിവരാണ് പ്രത്യേക പട്രോളിങ് ടീമിൽ ഉണ്ടായിരുന്നത്