പ്രിൻസിപ്പൽ നിയമനം, മന്ത്രി ആർ ബിന്ദു രാജിവെക്കണം : വി ഡി സതീശൻ
കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പ് ആര്‍ ബിന്ദു രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദു ഇടപെട്ടെന്ന വിവരാവകാശരേഖ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ആര്‍ ബിന്ദു മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്‌തെന്നും മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ ആര്‍ ബിന്ദുവിന് അര്‍ഹതയില്ലെന്നും അദ്ദേഹം ആരോപിച്ചു.
‘കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാര്‍ ഇല്ലാതിരിക്കുക, സ്വന്തക്കാരെ പ്രിന്‍സിപ്പല്‍മാരായി നിയമിക്കുക എന്നിങ്ങനെ ഗുരുതരണ ആരോപണങ്ങളാണ് മന്ത്രി ആര്‍ ബിന്ദുവിനെതിരെ പുറത്തുവന്നിരിക്കുന്നത്. ഇന്‍ ചാര്‍ജ് ഭരണം നിലനിര്‍ത്താന്‍ വേണ്ടി ശ്രമിച്ച് ഉന്നത വിദ്യാഭ്യാസമേഖല തകര്‍ത്തു തരിപ്പണമാക്കിയിരിക്കുകയാണ്. മാര്‍ക്ക് വിവാദങ്ങള്‍, പ്രബന്ധ വിവാദങ്ങള്‍ എന്നിവയിലൂടെ കേരളത്തിലെ സര്‍വകലാശാലകളുടെ വിശ്വാസ്യതയാണ് സര്‍ക്കാര്‍ തകര്‍ത്തത്. ഇതിന്റെ വലിയ ഉത്തരവാദിത്തം ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്ക് തന്നെയാണ്. പ്രിന്‍സിപ്പല്‍ നിയമനത്തില്‍ മന്ത്രിയുടെ ഇടപെടല്‍ തെളിയിക്കുന്ന രേഖ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ ആര്‍ ബിന്ദു അടിയന്തരമായി മന്ത്രി സ്ഥാനമൊഴിയണം’, വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദുവിന്റെ പങ്ക് തെളിയിക്കുന്ന വിവരാവകാശ രേഖകളാണ് നേരത്തെ പുറത്തുവന്നത്. പ്രിന്‍സിപ്പല്‍മാരായി നിയമിക്കേണ്ട, പി എസ് സി അംഗീകരിച്ച 43 പേരുടെ പട്ടിക കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ചപ്പോള്‍ അതിനെ കരട് പട്ടികയായി പരിഗണിച്ചാല്‍ മതിയെന്ന് മന്ത്രി ആര്‍ ബിന്ദു നിര്‍ദ്ദേശിച്ചു എന്നാണ് വിവരാവകാശരേഖ. നിയമന രീതി കേസില്‍ പെടുക കൂടി ചെയ്തതോടെ പ്രിന്‍സിപ്പല്‍ നിയമനം ഇനിയും വൈകുമെന്ന് ഉറപ്പായി.
മാര്‍ച്ച് രണ്ടിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് അനുസരിച്ച് പ്രിന്‍സിപ്പല്‍ നിയമനത്തിന് യോഗ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. 110 പേര്‍ അപേക്ഷിച്ചെങ്കിലും യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യത നേടിയത് 43 പേരാണ്. ഇവരെയാണ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്. ഇതിന് പി എസ് സി അംഗീകാരം നല്‍കുകയും ചെയ്തു.
എന്നാല്‍ ഇതിനുശേഷമാണ് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്. ഫയല്‍ ഹാജരാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. പി എസ് സി അംഗീകരിച്ച പട്ടികയെ കരട് പട്ടികയായി കണക്കാക്കാനും അപ്പീല്‍ കമ്മറ്റി രൂപീകരിക്കാനും 2022 നവംബര്‍ 12ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഈ ഫയല്‍ വഴിയായിരുന്നു നിര്‍ദ്ദേശം. മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് അന്തിമ പട്ടികയെ കരട് പട്ടികയാക്കി കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ജനുവരിയില്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇത് യുജിസി ചട്ടങ്ങള്‍ ലംഘിച്ചുള്ള നടപടി ആയിരുന്നു.