തടിയന്റവിട നസീറിനെ കർണാടക പൊലീസ് കസ്റ്റഡിയിൽ വാങ്ങി
ബെംഗളൂരു∙ ബെംഗളൂരു സ്ഫോടന കേസിലെ മുഖ്യപ്രതി തടിയന്റവിട നസീറിനെ കർണാടക പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ബെംഗളൂരു നഗരത്തിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട 5 അംഗ സംഘം പിടിയിലായ കേസിൽ ചോദ്യം ചെയ്യാനാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത് പാരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുന്ന നസീറിനെ 8 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിടാൻ ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്.
ജൂലൈ 19–നാണ് ബെംഗളൂരുവിലെ 4 ഇടങ്ങളിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ടിരുന്ന 5 അംഗ സംഘം പിടിയിലാകുന്നത്. ബെംഗളൂരു സ്വദേശികളായ സയ്യിദ് സുഹേൽ ഖാൻ (24), മുഹമ്മദ് ഉമർ (29), ഷാഹിദ് തബ്രേസ് (25), സയ്യീദ് മുദാഷിർ പാഷ (28), മുഹമ്മദ് ഫൈസൽ (30) എന്നിവരാണ് അറസ്റ്റിലായത്.ചോദ്യം ചെയ്യലിൽ പാരപ്പന അഗ്രഹാര ജയിലിൽ വച്ച് തീവ്രവാദ പ്രവർത്തനത്തിലേക്കു നയിച്ചതു നസീറാണെന്നു ഇവർ വെളിപ്പെടുത്തിയിരുന്നു.
സംഘത്തിലെ തലവനായ ജുനൈദ് വിദേശത്തു ഒളിവിലാണ്. 2017ൽ ബിസിനസ് വൈരാഗ്യത്തെ തുടർന്ന് നൂർ അഹമ്മദ് എന്നയാളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളായാണ് ജുനൈദും കൂട്ടാളികളും പാരപ്പന അഗ്രഹാര ജയിലെത്തുന്നത്. ഇവിടെ വച്ച് തടിയന്റവിട നസീറുമായി പരിചയത്തിലായി. 18 മാസത്തിലധികം ജയിലിൽ കഴിഞ്ഞ സംഘത്തെ ഭീകരാക്രമണങ്ങൾക്കു നസീർ പ്രേരിപ്പിച്ചു . തുടർന്ന് 2019ൽ ജയിൽ മോചിതരായ ജുനൈദും സംഘവും ആർടിനഗറിലെ വീട് കേന്ദ്രീകരിച്ച് ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയായിരുന്നു. ഡ്രൈവർ, മെക്കാനിക് ജോലികളുടെ മറവിലായിരുന്നു ഇവരുടെ പ്രവർത്തനമെന്നും പൊലീസ് പറയുന്നു.
7 നാടൻ തോക്ക്, 45 വെടിയുണ്ട, വാക്കി ടോക്കി സെറ്റുകൾ, കത്തികൾ, 12 മൊബൈൽ ഫോണുകൾ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. 2008 ജൂൺ 25ന് ബെംഗളൂരുവിലെ 7 ഇടങ്ങളിൽ ഉണ്ടായ സ്ഫോടനങ്ങളിൽ ഒരാൾ മരിക്കുകയും 20 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. തീവ്രവാദ സംഘടനയായ ലഷ്കറെ തയിബയുടെ ദക്ഷിണേന്ത്യൻ കമാൻഡറായിരുന്ന നസീർ കളമശേരി ബസ് കത്തിക്കൽ കേസിലും കേരളത്തിൽ നിന്നും യുവാക്കളെ തീവ്രവാദ പ്രവർത്തനത്തിനായി ജമ്മുകശ്മീരിലേക്ക് റിക്രൂട്ട് ചെയ്ത കേസിലും പ്രതിയാണ്.