കാലടി : മലയാളിയുടെ പൊതുബോധത്തെ ഉണർത്തുന്നതിൽ വൈക്കം സത്യഗ്രഹം നിർണായക പങ്ക് വഹിച്ചുവെന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയും കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി ‘വൈക്കം സത്യാഗ്രഹവും നവോത്ഥാനവും’ എന്ന വിഷയത്തിൽ സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന ദ്വിദിന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യത്വമെന്നത് ജീവിതത്തിൽ പ്രാവർത്തികമാക്കുവാനുളളതാണെന്ന് മലയാളിയെ പഠിപ്പിച്ച സമരമാണ് വൈക്കം സത്യാഗ്രഹം. ഈ സമരം സൃഷ്ടിച്ചെടുത്ത പൊതുബോധവും അനുഭവങ്ങളും കേരള ജനതയുടെ സാംസ്കാരികബോധത്തെ ദീപ്തമാക്കി. ശരീരത്തിന്റെ രാഷ്ട്രീയം പോലെ തന്നെ ഇടങ്ങളുടെ രാഷ്ട്രീയവും വൈക്കം സത്യാഗ്രഹം ഉയർത്തിപ്പിടിക്കുന്നു. പ്രസ്ഥാനത്തിൻ്റേയും മുന്നേറ്റത്തിൻ്റെയും ബൃഹദ് ആഖ്യാനങ്ങളുടെ രീതി ശാസ്ത്രത്തിന് ഉൾക്കൊളളാനാവാത്തതും എന്നാൽ അധികാരത്തിൻ്റെ ചെറിയ ആഖ്യാനങ്ങൾക്കു കൂടി ഇടം നൽകുന്നു എന്നതാണ് വൈക്കം സത്യാഗ്രഹ സമരത്തിൻ്റെ പ്രസക്തി.
നിബന്ധനയുടെ അടിസ്ഥാനത്തിൽ അയിത്ത ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യം ലഭിച്ചു എന്ന പ്രത്യക്ഷ നേട്ടം മാത്രമായി വൈക്കം സത്യാഗ്രഹത്തെ പരിമിതപ്പെടുത്താനാവില്ല. ക്ഷേത്രപ്രവേശനം, ജെൻഡർ സമരങ്ങൾ, ട്രാൻസ്ജെൻഡർ മുന്നേറ്റങ്ങൾ തുടങ്ങിയ ഒട്ടേറെ വിപ്ലവാത്മകമായ സാമൂഹ്യ മാറ്റങ്ങൾക്കും വൈക്കം സത്യാഗ്രഹം അടിത്തറ പാകി. അതേ സമയം നമ്മുടെ സമൂഹത്തിൽ ഇന്നും നടക്കുന്ന ജാതീയ തമസ്ക്കരണങ്ങളെ കാണാതെ പോകരുത്. ജാതിവിവേചനം എന്നത് ഇന്ന് പ്രത്യക്ഷമായി നടക്കുന്ന ഒന്നല്ല. രാജ്യത്ത് പരോക്ഷവും രൂക്ഷവുമായി അത് സംഭവിച്ചുകൊണ്ടേയിരിക്കുന്നു. മണിപ്പൂരിൽ സംഭവിക്കുന്ന കൊടുംക്രൂരതകൾ ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു.
പ്രമുഖ തമിഴ് ഗ്രന്ഥകാരനും ചരിത്രകാരനുമായ ഡോ. പഴ.അതിയമാൻ സെമിനാറിൽ മുഖ്യാതിഥിയായി. സഞ്ചാരസ്വാതന്ത്ര്യത്തിനായി സമൂഹം ഒറ്റക്കെട്ടായി മുന്നേറേണ്ടിയിരുന്നതിനു പകരം കേവലം ഹിന്ദുമതത്തിലെ അഭ്യന്തര പ്രശ്നമായി വൈക്കം സത്യാഗ്രഹത്തെ ലഘൂകരിക്കാൻ ദേശീയ നേതാക്കളിൽ ചിലർ ശ്രമിച്ചിരുന്നതായി ഡോ. പഴ. അതിയമാൻ പറഞ്ഞു.
സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന അക്കാദമിക് ജേർണൽ വൈജ്ഞാനികത്തിന്റെ പുതിയ ലക്കത്തിന്റെ പ്രകാശനം പ്രൊഫ. എം. വി. നാരായണൻ നിർവ്വഹിച്ചു. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി ആദ്യപ്രതി ഏറ്റുവാങ്ങി. സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്ജ് അധ്യക്ഷയായിരുന്നു. ഡോ. സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തി. ഡോ. പഴ. അതിയമാൻ മുഖ്യാതിഥിയായിരുന്നു. മുൻ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട്, രജിസ്ട്രാർ പ്രൊഫ. എം. ബി. ഗോപാലകൃഷ്ണൻ, സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യുട്ട് ഭരണസമിതി അംഗം ഡോ. സന്തോഷ് തോമസ്, സെമിനാർ കോ-ഓർഡിനേറ്റർ ഡോ. കവിത സോമൻ, ആർ. അനിരുദ്ധൻ എന്നിവർ പ്രസംഗിച്ചു.
അഡ്വ. ഇ. രാജൻ, ഡോ. കെ. ഷിജു, സതീഷ് ചന്ദ്രബോസ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. അജയ് എസ്. ശേഖർ, ഡോ. എ. ആർ. ഷമിത, ഡോ. ടി. എസ്. ശ്യാംകുമാർ, ഡോ. അമൽ സി. രാജൻ, ഡോ. ബിജു വിൻസെന്റ്, ഡോ. എ. കെ. പ്രമീള, ഐ. പി. സിത്താര, ഡോ. മാളവിക ബിന്നി എന്നിവർ ഇന്ന് വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഇന്ന് (22.07.2023) വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം രജിസ്ട്രാർ പ്രൊഫ. എം. ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ. മ്യൂസ് മേരി ജോർജ്ജ് അധ്യക്ഷയായിരിക്കും. സെമിനാർ കോ-ഓർഡിനേറ്റർ ഡോ. കവിത സോമൻ, ആർ. അനിരുദ്ധൻ, പി. പ്രവീൺ എന്നിവർ പ്രസംഗിക്കും