ഗുരുവായൂര്‍ ആദ്ധ്യാത്മിക പുസ്തകോൽസവം ആഗസ്റ്റ് 16 വരെ
ഗുരുവായൂർ : ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണത്തിന് തുടക്കമായി. അപൂര്‍വ്വ രാമായണ താളിയോല ഗ്രന്ഥങ്ങളുടെ പ്രദര്‍ശനത്തിനും ആദ്ധ്യാത്മിക പുസ്തകോല്‍സവത്തിനുമാണ് തുടക്കമായത്. കിഴക്കേനടയിലെ ദേവസ്വം വൈജയന്തി പുസ്തകശാലക്ക് മുന്നില്‍ ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ പുസ്തകോല്‍സവം ഉദ്ഘാടനം ചെയ്തു. അദ്ധ്യാത്മിക രാമായണം ഉള്‍പ്പെടെയുള്ള പതിനൊന്ന് പ്രൗഢ ഗ്രന്ഥങ്ങടങ്ങിയ പുസ്തക കിറ്റിന്റെ വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു.
ദേവസ്വം ഭരണസമിതി അംഗം ചെങ്ങറ സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. ഭക്തപ്രിയ ആദ്ധ്യാത്മിക മാസികയുടെ സര്‍ക്കുലേഷന്‍ ക്യാമ്പയിന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ തുടക്കമിട്ടു. മരാമത്ത് എക്‌സി.എന്‍ജിനിയര്‍ എം.കെ.അശോക് കുമാറില്‍ നിന്ന് 5 വര്‍ഷത്തെ വരിസംഖ്യ അഡ്മിനിസ്‌ട്രേറ്റര്‍ ഏറ്റുവാങ്ങി. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.ആര്‍.ഗോപിനാഥ്, മനോജ് ബി നായര്‍, വി ജി.രവീന്ദ്രന്‍, ദേവസ്വം മതഗ്രന്ഥശാല ഉപദേശക സമിതി അംഗങ്ങളായ ഷാജു പുതൂര്‍, വി.പി.ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
രാമായണ മാസാചരണത്തിന്റെ ഭാഗമായി കര്‍ക്കിടകം ഒന്നു മുതല്‍ രാമായണം നിത്യപാരായണം, രാമായണമാസ ആദ്ധ്യാത്മിക പ്രഭാഷണം, കുട്ടികള്‍ക്കായി രാമായണ പാരായണം, പ്രശ്‌നോത്തരി, ഉപന്യാസ രചന തുടങ്ങീ പരിപാടികളും ഉണ്ടാകും. ആദ്ധ്യാത്മിക പുസ്തകോല്‍സവം ആഗസ്റ്റ് 16 വരെ നടക്കും.