ജോസഫിന്റെ കൈവെട്ടിയ കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം
കൊച്ചി :തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ . കേസിലെ രണ്ട്, മൂന്ന്, അഞ്ച് പ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തവും തടവും 50,000 രൂപ പിഴയുംകൊച്ചി എന്‍ഐഎ കോടതി ശിക്ഷ വിധിച്ചത് . ഒമ്പതാം പ്രതി നൗഷാദ് , പതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയ്യൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവുമാണ് ശിക്ഷ. പ്രതികൾ എല്ലാവരും ചേർന്ന് നാല് ലക്ഷം രൂപ പ്രൊഫസര്‍ ടി.ജെ ജോസഫിന് നൽകണമെന്നും കോടതി വിധിച്ചു.നേരത്തെ പ്രഖ്യാപിച്ച പിഴക്ക് പുറമെയാണ് ഈ തുക നൽകേണ്ടത്.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി നാസർ അഞ്ചാം പ്രതി നജീബ് എന്നിവർക്കെതിരെ ഭീകരപ്രവർത്തനം ഉൾപ്പെടെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി ഇന്നലെ വ്യകതമാക്കിയിരുന്നു .ഒൻപതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവർക്കെതിരെ തെളിവ് മറച്ചുവെക്കൽ ,പ്രതികളെ ഒളിവിൽ കഴിയാൻ സഹായിക്കൽ എന്നീ കുറ്റങ്ങളാണ് ഉള്ളത്. പ്രതികളായ ഷെഫീഖ്, അസീസ്, സുബൈർ, മുഹമ്മദ് റാഫി . മൻസൂർ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. പ്രൊഫസർ ടിജെ ജോസഫിന്റെ കൈ വെട്ടിയ ഒന്നാം പ്രതി സവാദ് ഇപ്പോഴും ഒളിവിലാണ്.
2010 മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളജിലെ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസർ ടിജെ ജോസഫിന്‍റെ കൈവെട്ടിയത്. ഈ കേസിലാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയായത്. സംഭവത്തിനു ശേഷം വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ വേവ്വേറെ കുറ്റപത്രം സമർപ്പിച്ചാണ് എൻഐഎ വിചാരണ പൂർത്തിയാക്കിയത്.
അതെ സമയം പ്രതികള്‍ക്ക് കിട്ടുന്ന ശിക്ഷ ഇരയ്ക്ക് കിട്ടുന്ന നീതിയല്ലെന്ന് ടി ജെ ജോസഫ് ആവര്‍ത്തിച്ചു. പ്രതികള്‍ക്ക് എന്ത് ശിക്ഷ കിട്ടിയാലും അത് തന്നെ ബാധിക്കുന്നില്ലെന്ന് ടി ജെ ജോസഫ് പറഞ്ഞു. ശിക്ഷ കൂടിപ്പോയോ കുറഞ്ഞുപോയോ എന്നതൊക്കെ നിയമപണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്യട്ടേയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ സാക്ഷി പറയുക എന്നത് മാത്രമായിരുന്നു തന്റെ ഉത്തരവാദിത്വമെന്ന് ടി ജെ ജോസഫ് പറയുന്നു. വിധി അറിഞ്ഞപ്പോള്‍ ഒരു കൗതുകം ശമിച്ചു എന്നതല്ലാതെ ഇതില്‍ എനിക്ക് മറ്റ് വികാരഭേദങ്ങള്‍ ഒന്നും തന്നെയില്ല.
കേസ് തീവ്രവാദം എന്ന നിലയിലാണ് കോടതി കൈകാര്യം ചെയ്തതെന്നാണ് മനസിലാക്കുന്നത്. പ്രതികളെ ശിക്ഷിക്കുന്നത് കൊണ്ട് രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ശമനമുണ്ടാകുമോ ഇല്ലയോ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിശകലനം ചെയ്യട്ടേ. ലോകത്തുനിന്ന് അന്ധവിശ്വാസങ്ങള്‍ നീങ്ങി ആധുനികമായ ഒരു ലോകം ഉണ്ടാകാന്‍ ആഗ്രഹിക്കുന്നുവെന്നേ ഈ അവസരത്തില്‍ പറയാന്‍ സാധിക്കൂ. ശാസ്ത്രാവബോധം ഉള്‍ക്കൊണ്ട് മാനവികതയില്‍ പുലരുന്ന വിശ്വപൗരന്മാരായി മനുഷ്യര്‍ മാറട്ടേ എന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു