പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസ്: ആറുപേര്‍ കൂടി കുറ്റക്കാര്‍
കൊച്ചി: മൂവാറ്റുപുഴ ന്യൂ മാൻ കോളേജ് അധ്യാപകൻ പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്. അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടു. ഷഫീക്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ എന്നിവരെയാണ് വെറുതെ വിട്ടത്. ഭീകരപ്രവര്‍ത്തനം അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്ന് എന്‍ഐഎ കോടതി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെയുള്ള ശിക്ഷ നാളെ പ്രസ്താവിക്കും. ശിക്ഷിക്കപ്പെട്ട 6 പേരുടെയും ജാമ്യം റദ്ദാക്കി കാക്കനാട് ജയിലിൽ പാർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.
സംഭവത്തിന്‍റെ മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലർഫ്രണ്ട് നേതാവ് എം കെ നാസർ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പതിനൊന്ന് പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. ആദ്യഘട്ടത്തിൽ മുപ്പത്തിയേഴ് പ്രതികളെ വിസ്തരിച്ച കോടതി 11 പേർ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിന് ശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തിൽ പൂർത്തിയാക്കിയത്. തൊടുപുഴ ന്യൂമാൻ കോളജിലെ ബികോം മലയാളം ഇന്‍റേണൽ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറിൽ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികൾ പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈപ്പത്തി വെട്ടിമാറ്റിയത്. ഇപ്പോൾ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമെന്നാണ് എൻ ഐ എ കണ്ടെത്തൽ.
കൈവെട്ട് കേസ് രണ്ടാം ഘട്ട വിധി
1. അശമന്നൂർ സവാദ് (ഇപ്പോഴും ഒളിവിലാണ്)
2.സജിൽ – കുറ്റക്കാരൻ
3. നാസർ – കുറ്റക്കാരൻ
4. ഷഫീഖിനെ – വെറുതെ വിട്ടു
5. നജീബ് – കുറ്റക്കാരൻ
6 അസീസ് ഓടക്കാലി – വെറുതെ വിട്ടു
7. മുഹമ്മദ് റാഫി – വെറുതെ വിട്ടു
8.സുബൈർ – വെറുതെ വിട്ടത്
9 നൗഷാദ് – കുറ്റക്കാരൻ – യുഎപിഎ ഇല്ല. 202, 212 വകുപ്പുകൾ നിലനിൽക്കും
10. മൻസൂർ – വെറുതെ വിട്ടു
11.മൊയ്തീൻ കുഞ്ഞ് – യുഎപിഎ ഇല്ല. 202, 212 വകുപ്പുകൾ നിലനിൽക്കും
12. അയ്യൂബ് – യുഎപിഎ ഇല്ല. 202, 212 വകുപ്പുകൾ നിലനിൽക്കും
കേസും വിചാരണയും
ചോദ്യ പേപ്പർ വിവാദത്തെത്തുടർന്ന് തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ ടി ജെ ജോസഫിന്‍റെ കൈവെട്ടിയ സംഭവം നടന്ന് 12 വർഷങ്ങൾക്ക് ശേഷമാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയായത്. സംഭവത്തിനുശേഷം വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്ത് വേവ്വേറെ കുറ്റപത്രം സമർപ്പിച്ചാണ് എൻ ഐ എ വിചാരണ പൂർത്തിയാക്കിയത്. മുഖ്യപ്രതി എം കെ നാസർ, അധ്യാപകന്‍റെ കൈവെട്ടിയ സജൽ എന്നിവർക്ക് പുറമേ അസീസ് ഓടക്കാലി, ഷഫീക്ക്, നജീബ് , മുഹമ്മദ് റാഫി, സുബൈർ, നൗഷാദ്, മൻസൂർ, അയ്യൂബ്, മൊയ്തീൻ കുഞ്ഞ് എന്നിവരുടെ കൃത്യത്തിലെ പങ്കാളിത്തമാണ് ഈ ഘട്ടത്തിൽ വിചാരണ ചെയ്യപ്പെട്ടത്
37 പേരുടെ ആദ്യഘട്ട വിചാരണയിൽ 11 പേരെ ശിക്ഷിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. 2010 മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളജിലെ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈവെട്ടിയത്. പോപ്പുലർ ഫ്രണ്ടാണ് കൃത്യത്തിന് പിന്നിലെന്ന് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് എൻ ഐ എയും കണ്ടെത്തി. കൃത്യത്തിന് വിദേശത്തുനിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചെന്നും പ്രതികൾക്കും സംഭവത്തിന് മുമ്പും ശേഷവും പ്രദേശിക പിന്തുണകിട്ടിയെന്നുമാണ് കണ്ടെത്തൽ.
അതെ സമയം ,. പ്രതികള്ക്കു കിട്ടുന്ന ശിക്ഷ ഇരയ്ക്കു കിട്ടുന്ന നീതിയാണെന്ന വിശ്വാസം തനിക്കില്ലെന്ന്, കൈവെട്ടു കേസില്‍ പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധിയോടു പ്രതികരിച്ചുകൊണ്ട് ടിജെ ജോസഫ് പറഞ്ഞു.
പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്കു കിട്ടുന്ന നീതിയാണെന്ന വിശ്വാസമില്ല. രാജ്യത്തിന്റെ നീതി നടപ്പാകുന്നു എന്നു മാത്രം. പ്രതികളെ ശിക്ഷിക്കുന്നതിലോ ശിക്ഷിക്കാതിരിക്കുന്നതിലോ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളില്ലെന്ന് ടിജെ ജോസഫ് പറഞ്ഞു ”കേസിലെ പ്രതികള്‍ എന്നപ്പോലെ തന്നെ ഇരയാക്കപ്പെട്ടവരാണ്. പ്രാകൃതമായ വിശ്വാസത്തിന്റെ പേരിലാണ് എന്നെ ഉപദ്രവിച്ചത്. എല്ലാമനുഷ്യരും ശാസ്ത്രാവബോധം ഉള്ക്കൊ ണ്ടു മാനവികതയിലും സാഹോദര്യത്തിലും പുലര്ന്ന് ആധുനികപൗരന്മാരായി മാറേണ്ട കാലം അതിക്രമിച്ചു”- അദ്ദേഹം പറഞ്ഞു.
ഉപദ്രവിച്ചവര്‍ വെറും ആയുധങ്ങള്‍ മാത്രമാണ്. എന്നെ ആക്രമിക്കാന്‍ തീരുമാനമെടുത്തവരാണു ശരിയായ പ്രതികള്‍. എന്നാല്‍ പിടിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും ഉപകരണങ്ങളാക്കപ്പെടുന്ന പാവങ്ങളാണ്. പ്രാകൃത വിശ്വാസങ്ങളുടെ പേരില്‍ മനുഷ്യത്വരഹിത പ്രവൃത്തികള്‍ നടത്താന്‍ ഉദ്‌ബോധനം കൊടുക്കുന്നവരാണു ശരിക്കും കുറ്റവാളികളെന്നും അവര്‍ കാണാമറയത്താണെന്നും പ്രൊഫ. ജോസഫ് അഭിപ്രായപ്പെട്ടു