യുവതി ആശുപത്രിയുടെ ശുചിമുറിയില്‍ പ്രസവിച്ചു
ചാവക്കാട് : വയറുവേദയെ തുടര്‍ന്ന് ചികിത്സക്കെത്തിയ ഭതൃമതിയായ യുവതി ചാവക്കാട് താലൂക്ക് ആശുപത്രിയുടെ ശുചിമുറിയില്‍ പ്രസവിച്ചു. ഇരുപത്തിയൊന്‍പതുകാരിയായ യുവതി ഇന്ന് രാവിലെ വയറു വേദനയെ തുടര്‍ന്ന് ഡോക്ടറെ കാണാനായി എത്തിയതായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ ലാബ് പരിശോധനയ്ക്കായി നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ശുചിമുറിയില്‍ പോയപ്പോഴായിരുന്നു പ്രസവം.
ഡോക്ടറെ കാണാനായി ഭര്‍ത്താവുമൊത്ത് ആശുപത്രിയില്‍ എത്തിയ യുവതിക്ക് തനിക്ക് ഗര്‍ഭമുള്ള കാര്യം അറിയില്ലെന്ന് പറയുന്നു. വിവാഹം കഴിഞ്ഞു എട്ട് വര്‍ഷമായ ദമ്പതികൾ കുട്ടികള്‍ ഇല്ല എന്ന സങ്കടത്തിൽ ആയിരുന്നു .. പ്രസവ വിവരമറിഞ്ഞ ഉടനെ ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും അമ്മയ്ക്കും കുഞ്ഞിനും വേണ്ട അടിയന്തിര പരിചരണങ്ങള്‍ നല്‍കി. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 2.90 കിലോ ഭാരമുള്ള പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെയാണ് യുവതി പ്രസവിച്ചത്.
അണുബാധയോ മറ്റോ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചെങ്കിലും താലൂക്ക് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങിയ ചാവക്കാട് സ്വദേശികളായ ദമ്പതികള്‍ ഏങ്ങണ്ടിയൂർ എം ഐ ആശുപത്രിയില്‍ ചികിത്സതേടി. ഗര്‍ഭിണിയാണെന്ന വിവരം പ്രസവിച്ച യുവതിക്കോ കുടുംബത്തിനോ ഇത് വരെയും അറിവുണ്ടായിരുന്നില്ല എന്നാണ് ഇവര്‍ ആശുപത്രിയിലും അറിയിച്ചിട്ടുള്ളത് . യുവതിയുടെ ശരീരപ്രകൃതം കാരണം വീട്ടുകാർക്കും നാട്ടുകാർക്കും സംഭവം മനസിലാക്കാനും കഴിഞ്ഞില്ല