പി വി അൻവറിന്‍റെ മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണം : ഹൈക്കോടതി
കൊച്ചി: ഭൂപരിഷ്കരണ നിയമം ലംഘിച്ച് പിവി അൻവർ എം.എൽഎയും കുടുബവും കൈവശംവെച്ച മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. നടപടിയ്ക്ക് കൂടുതൽ സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളി. അടുത്ത ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി നിർദ്ദേശം നൽകി.
2017ലാണ് സംസ്ഥാന ലാന്‍റ് ബോര്‍ഡിനും താമരശ്ശേരി താലൂക്ക് ലാന്‍റ് ബോർഡ് ചെയർമാനും പിവി അൻവറും കുടുംബവും കൈവശവെച്ച മിച്ച ഭൂമി തിരിച്ചുപിടിക്കാൻ ഹൈക്കോടതി നിർദ്ദശം നൽകിയത്. എന്നാൽ സർക്കാർ നടപടികൾ സ്വീകരിക്കാതിരുന്നതോടെ 2022 ജനുവരി 13 ന് വീണ്ടും അഞ്ച് മാസം സാവകാശം നൽകി. തുടർന്നും സർക്കാറിന്‍റെ മെല്ലെപ്പോക്ക് തുടർന്നതോടെയാണ് കോടതി നിലപാട് കർശനമാക്കിയത്. ഇന്ന് കോടതിയലക്ഷ്യ ഹർജി പരിഗണിച്ചപ്പോൾ കുറഞ്ഞത് 10 ദിവസമെങ്കിലും നടപടി റിപ്പോർട്ട് നൽകാൻ സാവകാശം വേണമെന്ന് സർക്കാർ വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ മിച്ചഭൂമി തിരിച്ചുപിടിക്കാൻ സ്വീകരിച്ച നടപടിൾ ഉൾപ്പെടുത്തി അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദമായ സത്യാവങ്മൂലം നൽകണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ സർക്കാറിന് നിർദ്ദേശം നൽകി.
മലപ്പുറത്തെ വിവരാവകാശപ്രരവർത്തകനായ കെവി ഷാജി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ അൻവറിനും കുടുംബത്തിനും 226.82 ഏക്കർ ഭൂമി സ്വന്തമായി ഉണ്ടെന്നായിരുന്നു കാണിച്ചത്. എന്നാൽ ഇത് സാങ്കേതിക പിഴവാണെന്ന് പറഞ്ഞ് അൻവർ തിരുത്തിയെങ്കിലും പരിശോധനയിൽ 22 ഏക്കറിലധികം ഭൂമി അൻവറിനും കുടുംബത്തിന്‍റെയും പേരിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മറ്റ് ജില്ലകളിൽകൂടി ഭൂമി ഉണ്ടെന്നും ഇത്കൂടി പരിശോധിക്കണമെന്നും ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു.